കേരളത്തോടും കേരളീയരോടുമുള്ള കേന്ദ്രത്തിന്റെ വെല്ലുവിളിയും സമര പ്രഖ്യാപനവുമാണിത്: മന്ത്രി ആർ ബിന്ദു
അഡ്മിൻ
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് അത്യന്തം അപലപനീയം എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. ന്യായമായ സഹായം നൽകില്ലെന്ന സമീപനം നിരുത്തരവാദപരമാണെന്നും പ്രതിഷേധാർഹമാണെന്നും മന്ത്രി അറിയിച്ചു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്.
"കേരളത്തോടുള്ള പ്രതികാരാത്മക മനോഭാവമാണിത്. പല അനുഭവങ്ങളിലൂടെ അത് വ്യക്തമാണ്. ഏറ്റവും പുതിയ അധ്യായമാണ് ഇത്. കേരളത്തോടും കേരളീയരോടുമുള്ള വെല്ലുവിളിയും സമര പ്രഖ്യാപനവുമാണിത്, " ആർ. ബിന്ദു പറഞ്ഞു.
വയനാട് ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ സംഭവിച്ച ഉരുള്‍പൊട്ടല്‍ എസ്‌ഡിആർഎഫ്/എന്‍ഡിആർഎഫ് മാർഗനിർദേശങ്ങൾ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കത്തിലൂടെ അറിയിക്കുകയായിരുന്നു.