മണിപ്പുരില്‍ വീണ്ടും അഫ്‌സ്പ പ്രഖ്യാപിച്ചു

മണിപുര്‍ വീണ്ടും കലാപബാധിതമായതോടെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ക്കൂടി സായുധസേനയുടെ പ്രത്യേക ്അധികാരനിയമം (അഫ്‌സ്പ) പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മണിപുരിലെ അക്രമസംഭവങ്ങള്‍ കണക്കിലെടുത്താണ് നടപടി.

സെക്മായ്, ലാംസാങ് (ഇംഫാല്‍ വെസ്റ്റ്), ലാംലായ് (ഇംഫാല്‍ ഈസ്റ്റ്), ലെയ്മാക്കോങ് (കാങ്‌പോക്പി), മൊയ്‌റാങ് (ബിഷ്ണുപുര്‍), ജിരിബാം എന്നി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് അഫ്‌സ്പ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളിലുള്‍പ്പെടെ 19 സ്റ്റേഷന്‍ പരിധികള്‍ ഒഴിവാക്കി ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തൊട്ടാകെ മണിപ്പുര്‍ സര്‍ക്കാര്‍ അഫ്‌സ്പ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജിരിബാമിലുള്‍പ്പെടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് നടപടി.

അഫ്സ്പ നിയമപ്രകാരം സുരക്ഷാസേനകള്‍ക്ക് ആക്രമണം നടത്താനും പൗരന്മാരെ അറസ്റ്റുചെയ്യാനും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പോലും പ്രത്യേക നിയമനടപടി നേരിടേണ്ടി വരില്ല.

15-Nov-2024