ഇനി എന്തൊക്കെ സംഭവിച്ചാലും പാലക്കാട് കോൺഗ്രസ് ജയിക്കാൻ പോകുന്നില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട് കോൺഗ്രസ് എന്ത് സംഭവിച്ചാലും ജയിക്കാൻ പോകുന്നില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആരെങ്കിലും ഇങ്ങോട്ട് വരുന്നതോ പോകുന്നതോ ഞങ്ങളുടെ പ്രശ്നമല്ല നയമാണ് പ്രധാനം. ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഒരാൾ അയാളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയാൽ അതിനനുസരിച്ച് പാർട്ടി തീരുമാനം എടുക്കുമെന്നും എന്തായാലും സന്ദീപ് ബിജെപി വിട്ടത് നന്നായി എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സന്ദീപ് നയം വ്യക്തമാക്കിയിരുന്നില്ല. ഇനി എന്തൊക്കെ സംഭവിച്ചാലും പാലക്കാട് കോൺഗ്രസ് ജയിക്കാൻ പോകുന്നില്ലെന്നും കാരണം കോൺഗ്രസിൻ്റെ തട്ടിപ്പ് ജനങ്ങൾക്ക് ഓരോ ദിവസവും വ്യക്തമായി കൊണ്ടിരിക്കുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

അതേസമയം, മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഏത് കാറ്റഗറിയിൽ പെടുത്തിയാലും സഹായം കിട്ടണമെന്നും അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധമാണ് വരുന്ന ദിവസങ്ങളിൽ ഉയരാൻ പോകുന്നത്. പുനരധിവാസത്തിന് കേരളത്തിൻറെ പരിധിയിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

16-Nov-2024