ഏതൊരു രാജ്യത്തിന്റേയും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിലെ നിര്‍ണ്ണായക ഘടകമാണ് ധാതുനിക്ഷേപ സമ്പത്ത്. ഇപ്പോള്‍ ഇത്തരമൊരു പര്യവേക്ഷണത്തില്‍ ഇന്ത്യ നിര്‍ണ്ണായകമായ ചുവട് വെച്ചിരിക്കുകയാണ്.
ഇന്ത്യയുടെ സമുദ്രപരിധിക്കുള്ളില്‍ വന്‍ധാതുനിക്ഷേപം ഉണ്ടാകാനുള്ള സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ എക്സ്‌ക്ലൂസിവ് എക്കണോമിക് സോണില്‍ വരുന്ന മേഖലയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ഓഷ്യന്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘം സംയുക്തമായി നടത്തിയ സമുദ്രാന്തര്‍ഭാഗ പര്യവേക്ഷണത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ മാറ്റി മറിച്ചേക്കാവുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 4,500 മീറ്റര്‍ ആഴത്തില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രോ തെര്‍മല്‍ സള്‍ഫൈഡുകളുടെ വലിയൊരു ശേഖരമാണ് കണ്ടെത്തിയത്. വന്‍തോതില്‍ ധാതുനിക്ഷേപങ്ങളുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകള്‍ കാണപ്പെടാറുള്ളത്. ഗവേഷണ കപ്പലായ സാഗര്‍ നിധിയില്‍ നിന്നും ഈ മാസം ആദ്യമാണ് പര്യവേക്ഷണം ആരംഭിച്ചത്. രണ്ട് സ്ഥാപനങ്ങളില്‍ നിന്നുമായി ഇരുപതോളം വിദഗ്ധര്‍ പര്യവേക്ഷണത്തില്‍ പങ്കുചേര്‍ന്നു.