അംബേദ്കര്‍ പരാമര്‍ശം; ഇന്ത്യ സഖ്യത്തിന്റെ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംഘര്‍ഷം
അഡ്മിൻ
ബിആർ അംബേദ്ക്കറുടെ പേരിൽ പാർലമെന്റ് കവാടത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. പിടിച്ചുതള്ളിയെന്നും മർദ്ദിച്ചെന്നും ആരോപിച്ച് ഇരുവിഭാഗവും രംഗത്തെത്തി. ബിജെപി അംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്നും പിടിച്ചുതള്ളിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുൽ ഗാന്ധി തള്ളിയിട്ട എംപി ദേഹത്തേക്ക് വീണ് തനിക്ക് പരുക്കേറ്റെന്ന് ഒഡീഷയിൽ നിന്നുള്ള ബിജെപി എം പി പ്രതാപ് സാരംഗിയും ആരോപിച്ചു.
അതേസമയം വിവാദ പരാമർശത്തിൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും രണ്ട് മണി വരെ നിർത്തിവച്ചു. നീല വസ്ത്രങ്ങൾ ധരിച്ച് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എൻഡിഎ- ഇന്ത്യ സഖ്യ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാർലമെൻറ് വളപ്പിൽ സംഘർഷാന്തരീക്ഷമുണ്ടായി.
പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു. അംബേദ്കര്‍ അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെയാണ് ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം.