ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങൾ : കമൽ ഹാസൻ
അഡ്മിൻ
അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങളാണ്. അംബേദ്കറിന്റെ കാഴ്ചപ്പാടുകളിൽ വിശ്വസിക്കുന്നവർ ആ മഹാന്റെ പൈതൃകത്തെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്ന് കമൽ ഹാസൻ പറഞ്ഞു. എക്സിലൂടെയാണ് നടൻ പ്രതികരണം നടത്തിയത്.
ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങളാണ്. വിദേശ ശക്തികളില്‍ നിന്ന് ഗാന്ധിജി ഇന്ത്യയെ സ്വതന്ത്രമാക്കിയപ്പോള്‍ അംബേദ്കര്‍ ഇന്ത്യയുടെ പുരാതനമായ സാമൂഹിക അനിതീയുടെ ചങ്ങലകളില്‍ നിന്ന് മോചിപ്പിച്ചു. എല്ലാവരും തുല്യരായി ജനിക്കുന്ന സ്വതന്ത്ര ഇന്ത്യ എന്ന ബാബാസാഹിബിൻ്റെ കാഴ്ചപ്പാടിൽ അഭിമാനത്തോടെ വിശ്വസിക്കുകയും അതിനായി പോരാടുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും ആ മഹാൻ്റെ പൈതൃകത്തെ കളങ്കപ്പെടുത്താൻ ഒരിക്കലും അനുവദിക്കില്ല.- കമൽഹാസൻ എക്സിൽ കുറിച്ചു.
ഈ ആശയങ്ങള്‍ വികാരങ്ങള്‍ വ്രണപ്പെടുത്തി ദുരുപയോഗം ചെയ്യുന്നതിന് പകരം പുരോഗതിക്ക് പ്രചോദനമാവുകയാണ് വേണ്ടത്. ഭരണഘടനയുടെ 75-ാം വാര്‍ഷികവേളയില്‍ അംബേദ്കറിന്റെ ആശയങ്ങളുടെ ചര്‍ച്ചകളും സംവാദങ്ങളും പാര്‍ലമെന്റില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.