സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ തത്സമയം പരാതി നൽകാൻ ഓൺലൈൻ സംവിധാനം വേണം : മന്ത്രി എം. ബി. രാജേഷ്

സ്ത്രീകൾക്കെതിരായിട്ടുള്ള അതിക്രമങ്ങൾ സംബന്ധിച്ച് തത്സമയം പരാതി കൊടുക്കാനുള്ള ഒരു ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് തിരുവനന്തപുരം നഗരസഭ ചിന്തിക്കണമെന്നും എല്ലാ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പിൻതുണയുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിൽ സജ്ജമാക്കിയിട്ടുള്ള ഷീ സ്‌പെയ്സും ഷീ ഹബ്ബും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വൃത്തിയുള്ള താമസസ്ഥലമൊരുക്കുക എന്ന ആശയമാണ് ഷീ സ്പെയിസിനു പിന്നിൽ. ഷീ ഹബ് സ്ത്രീ സംരംഭകർക്കുള്ള, സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടമാണ്. രണ്ടും ഒരു പുതിയ തലത്തിലേക്ക് കോർപറേഷന്റെ പ്രവർത്തനങ്ങളെ ഉയർത്തുകയാണെന്ന് മന്ത്രി പറഞ്ഞു.

എ.സി, നോൺ എ.സി മുറികൾ, ഡോർമെട്രികൾ എന്നിവ ഷീ സ്പെയിസിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിൽ കമ്പ്യൂട്ടർ, വൈഫൈ ഉൾപ്പെടെ ക്രമീകരിച്ചതാണ് ഷീ ഹബ്. ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ച തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

ഷീ സ്പെയിസ് ഓൺലൈൻ ബുക്കിങ്ങിനുള്ള സംവിധാനം സജ്ജീകരിച്ച മാർ ബസേലിയോസ് കോളേജ് വിദ്യാർഥികളെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി രാജു എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ പി.കെ. രാജു ചടങ്ങിൽ സന്നിഹിതനായിരുന്നു.

19-Dec-2024