ചൂരല്‍മല: കോടതി തീരുമാനം വന്നാലുടന്‍ ടൗണ്‍ഷിപ്പിനുള്ള നടപടി: മന്ത്രി കെ രാജന്‍

ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടന്‍ ടൗണ്‍ഷിപ്പിനുള്ള നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളില്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങള്‍ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച ഒന്‍പത് പ്ലാന്റേഷനുകളില്‍ നിന്നും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളില്‍ ടൗണ്‍ഷിപ്പുക്കള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. ടൗണ്‍ഷിപ്പ് ആശയത്തിന് സര്‍വകക്ഷി യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ധാരണ. ഭൂമി വില സംബന്ധിച്ച് ആശങ്കയുള്ളതിനാലാവാം എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതില്‍ കാലതാമസമില്ലാതെ അനുകൂല വിധി കോടതിയില്‍ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമിയ്ക്ക് നഷ്ട പരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കോടതി അനുമതി ലഭിച്ചാല്‍ ഉടന്‍ ഭൂമി വാങ്ങാനുള്ള നടപടി സ്വീകരിക്കും. പുനരധിവാസ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുപ്പത്തിയെട്ട് ഏജന്‍സികള്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്‌പോണ്‍സര്‍ഷിപ്പിന് സന്നദ്ധത അറിയിച്ച സംസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചൂരല്‍മലയിലെ പുനരധിവാസത്തിന് സര്‍ക്കാരിന് മുന്നില്‍ മാതൃകകളില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ദുരന്തപ്രദേശം നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളുടെ താല്പര്യവും ആശങ്കകളും മനസിലാക്കി അതിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പ്രദേശത്തെ പരമാവധി ജനങ്ങളെ ഒരുമിച്ചു താമസിപ്പിക്കുക, അവിടെ അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുക എന്ന പുനരധിവാസ ആശയമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.

ടൗണ്‍ഷിപ്പില്‍ താമസിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് നിലവിലെ നടപടികള്‍ അനുസരിച്ചുള്ള പുനരധിവാസം ഉറപ്പാക്കും. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കും. സബ് കലക്ടറുടെ ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

20-Dec-2024