വയനാട് ദുരന്തം; പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു

മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. പദ്ധതിക്ക് വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കും.

വയനാട് പുനരധിവാസ പദ്ധതിയുടെ അവതരണത്തിന് വേണ്ടിയാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. പവര്‍ പോയിന്റ് പ്രസന്റേഷനില്‍ വീടുകളുടെ ഡിസൈനടക്കമുളള കാര്യങ്ങള്‍ വിശദമാക്കി.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. ഒന്ന് കല്‍പ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ്. രണ്ട് ടൗണ്‍ഷിപ്പുകളും ഒറ്റഘട്ടമായി പൂര്‍ത്തിയാക്കും. 1000 സ്‌ക്വയര്‍ ഫീറ്റുളള ഒറ്റനില വീടുകളാണ് നിര്‍മ്മിക്കുക. എല്ലാ സൗകര്യങ്ങളോടും കൂടിയുളള ടൗണ്‍ഷിപ്പുകള്‍ക്ക് 750 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ വിശദാംശങ്ങളും കരട് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു. സഹായ വാഗ്ദാനം ചെയ്ത 38 പേരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കും. 50 വീടുകള്‍ മുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്‌പോണ്‍സര്‍മാരായി കണക്കാക്കും. പുനരധിവാസ പദ്ധതി അടുത്ത വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കുന്ന തീരുമാനവും മന്ത്രിസഭ കൈക്കൊളളും.

22-Dec-2024