അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം; മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിച്ചു
അഡ്മിൻ
അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേരോളം കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരുമെന്നാണ് വിവരം. ലാമൻ ഉൾപ്പെടെ ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ബർമാലിലെ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടതായും വിവരമുണ്ട്. വ്യോമാക്രമണം മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. വ്യോമാക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ വ്യോമാക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിർത്തിക്കടുത്തുള്ള താലിബാൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത സുരക്ഷാ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.