ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏഴു മികവിൻ്റെ കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി ഡോ. ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഏഴു മികവിൻ്റെ കേന്ദ്രങ്ങൾ (സെൻ്റർ ഓഫ് എക്സലൻസ്) ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. കുസാറ്റിൽ നടന്ന ദ്വിദിന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൻ്റെ സമാപന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിവിധ സർവകലാശാലകളുടെ നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഫോർ സോഷ്യൽ സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ്, കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റി, സെന്റർ ഓഫ് എക്സലൻസ് ഫോർ ടീച്ചിംഗ് ലേണിംഗ് ആൻഡ് ട്രെയിനിംഗ്, സെന്റർ ഫോർ ഇൻഡിജിനസ് പീപ്പിൾസ് എഡ്യൂക്കേഷൻ, കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് തുടങ്ങിയ മികവിൻ്റെ കേന്ദ്രങ്ങൾക്കുള്ള ഭരണാനുമതിയും ഫണ്ട് വകയിരുത്തലും പൂർത്തിയായതായും മന്ത്രി പറഞ്ഞു. ശ്യാം മേനോൻ കമ്മീഷൻ നിർദ്ദേശപ്രകാരമാണ് സെൻ്ററുകൾ ആരംഭിക്കുന്നത്. ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് ഈ കേന്ദ്രങ്ങളിൽ ഒരുക്കുന്നത്. ദേശീയവും അന്തർദേശീയവുമായ സ്ഥാപനങ്ങളുമായി ബന്ധങ്ങൾ സ്ഥാപിക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്- മന്ത്രി പറഞ്ഞു.

നൂതന ഗവേഷണത്തിനും നവീകരണത്തിനുമുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്വയംഭരണ കേന്ദ്രമായാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ആരംഭിക്കുന്നത്. നാനോ ടെക്നോളജി, അഡ്വാൻസ്ഡ് മെറ്റീരിയൽസ് സിസ്റ്റം ബയോളജി, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ്, എനർജി എഞ്ചിനീയറിംഗ്, ഇലക്ട്രിക് മൊബിലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സസ്റ്റെനബിലിറ്റി വെതർ മോഡലിംഗ്, കമ്പ്യൂട്ടേഷണൽ ഫിസിക്സ് തുടങ്ങിയവയിൽ മികച്ച പരിശീലനം നൽകും.

സാമൂഹിക ശാസ്ത്രം, മാനവികത, ഭാഷകൾ, കലകൾ എന്നിവയിലെ സ്കോളർഷിപ്പുകൾക്ക് പുതിയ ദിശകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫോർ സോഷ്യൽ സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ് സ്ഥാപിക്കുന്നത്. കേരളത്തിന്റെ ചരിത്രം, സമൂഹം, സമ്പദ്‌വ്യവസ്ഥ, സാംസ്കാരിക രീതികൾ എന്നിവയിലെ നൂതന പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

 

ഗവേഷണത്തിനുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, ഗവേഷണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ഗവേഷകരെ സഹായിക്കുന്നതിനും, വിവിധ ഏജൻസികളിൽ നിന്ന് ഗവേഷണ ഫണ്ടുകൾ സമാഹരിക്കുന്നതിന് അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവേഷണ പദ്ധതികളാണ് കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷനിലൂടെ ആസൂത്രണം ചെയ്യുന്നത്.

സമൂഹത്തിൽ ലിംഗ സമത്വം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റി സ്ഥാപിക്കുന്നത്.

അധ്യാപക സഹകരണവും സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി പാഠ്യപദ്ധതികളിൽ അധ്യാപകർക്ക് പതിവായി പരിശീലനം സംഘടിപ്പിക്കുക എന്നതാണ് സെന്റർ ഓഫ് എക്സലൻസ് ഫോർ ടീച്ചിംഗ് ലേണിംഗ് ആൻഡ് ട്രെയിനിംഗിൻ്റെ ലക്ഷ്യം. ഉദ്യോഗസ്ഥർക്കും ഗുണനിലവാരമുള്ള പരിശീലനം നൽകും.

ആദിവാസി സമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശീയ ജനതയുടെ അറിവ്, അവരുടെ വിദ്യാഭ്യാസം, ക്ഷേമം എന്നിവയെക്കുറിച്ചുള്ള ഗവേഷണം നടത്തുന്നതിനുമായിട്ടാണ് സെന്റർ ഫോർ ഇൻഡിജിനസ് പീപ്പിൾസ് എഡ്യൂക്കേഷൻ സ്ഥാപിക്കുന്നത്.

മലയാളത്തെ ഒരു വിജ്ഞാന ഭാഷയായി വികസിപ്പിക്കുന്നതിനും മലയാളി വിദ്യാർത്ഥികൾക്ക് വിദേശ ഭാഷകളിൽ പരിശീലനം നൽകുന്നതിനുമായിട്ടാണ് കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് ആരംഭിക്കുന്നത്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹനത്തിനായി പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ഈ സ്ഥാപനത്തിന്റെ വിശാലമായ കുടക്കീഴിൽ കൊണ്ടുവരുമെന്നും ഡോ. ബിന്ദു വ്യക്തമാക്കി.

പൂർവ്വ വിദ്യാർത്ഥികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിൽ സാധ്യതയും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി നൈപുണ്യ വികസനത്തിനും വ്യവസായ അക്കാദമിയ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങൾ ഇതിനകം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും നൈപുണ്യ വികസന കോഴ്സുകൾക്കും കരിയർ ആസൂത്രണത്തിനുമുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

15-Jan-2025