കേരളത്തിലെ കൃഷിഭൂമികളെല്ലാം 2031ൽ സ്മാർട്ട് കൃഷിഭൂമികളാക്കി മാറ്റും: മന്ത്രി പി. പ്രസാദ്

2031ൽ കേരളത്തിലെ എല്ലാ കൃഷിഭൂമികളും സ്മാർട്ട് കൃഷിഭൂമികളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. വിഷൻ 2031 സംസ്ഥാന കാർഷിക സെമിനാർ ഉപസംഹരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നവീനവും സുസ്ഥിരവും സ്വയം പര്യാപ്തവുമായ കാർഷിക കേരളം 2031ൽ യാഥാർത്ഥ്യമാക്കുവാൻ പഴയ തലമുറയുടെ അറിവും പുതിയ തലമുറയുടെ കരുത്തും പുത്തൻ സാങ്കേതികവിദ്യകളും സംയോജിപ്പിച്ച പദ്ധതികൾ തയ്യാറാക്കുമെന്നും അതിന്റെ ഭാഗമായി 2031നുള്ളിൽ 250 കൃഷി ഭവനുകൾ സ്മാർട്ട് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

10000 കോടിയുടെ അന്താരാഷ്ട്ര ബിസിനസ് കേരളത്തിലെ കാർഷിക മേഖലയ്ക്ക് കൈവരിക്കാൻ സാധിക്കുന്ന രീതിയിൽ കാബ്കോയെ സജ്ജമാക്കും. 2031 എത്തുമ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപയെങ്കിലും വരുമാനം നേടുന്ന കർഷകരെ വാർത്തെടുക്കുകയാണ് കൃഷിവകുപ്പിന്റെ ലക്ഷ്യം ഒപ്പം കർഷകരുടെ സാമൂഹിക നില മെച്ചപ്പെടുത്തുന്നത് വഴി ആധുനികകാലത്തെ കർഷകർ അനുഭവിക്കുന്ന മികച്ച സൗകര്യങ്ങൾ കണ്ട് അടുത്ത തലമുറ കൃഷിയിലേക്ക് കടന്നുവരുന്ന രീതിയിലേക്ക് കേരളം മാറണമെന്നും മന്ത്രി പറഞ്ഞു. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമാണ്. 2026 മുതൽ 2031 വരെ അഞ്ചുവർഷക്കാലം നീണ്ടുനിൽക്കുന്ന വനിതാ കർഷക വികസന പദ്ധതി കേരളത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

സമാപന ചടങ്ങിൽ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി വി വിഘ്‌നേശ്വരി, കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, കാർഷിക മേഖലയിലെ വിഷയവിദഗ്ധർ, വിവിധ ജില്ലകളിൽ നിന്നുള്ള കർഷകർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.

കാർഷിക മേഖലയുടെ സാധ്യതകളും ഭാവിയും: ശ്രദ്ധേയമായി പാനൽ ചർച്ച

വിഷൻ 2031 സംസ്ഥാനതല കാർഷിക സെമിനാറിനോട് അനുബന്ധിച്ച് ആലപ്പുഴ യെസ്കെ കൺവെൻഷൻ സെന്ററിൽ വിവിധതലങ്ങളിലുള്ള വിദഗ്ധരെയും വിവിധ ജില്ലകളിലെ കർഷകരെയും കർഷകസംരംഭകരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ ഉയർന്നുവന്നത് നിരവധി ആശയങ്ങൾ. "സുസ്ഥിര കാലാവസ്ഥ അനുരോധ കൃഷി നൂതന സാങ്കേതികവിദ്യയിലൂടെ" എന്ന വിഷയത്തിൽ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി വി വിഘ്ന്വേശ്വരി ഐഎഎസ് അധ്യക്ഷത വഹിച്ച പാനൽ ചർച്ചയിൽ കേര, കെ.എ.യു അസിസ്റ്റന്റ് പ്രൊഫസർ ഡോ കെ. എം ദിവ്യ, ആന്ധ്ര പ്രദേശ് ഗുണ്ടൂർ ആർ.വൈ.എസ്.എസ് സീനിയർ അസോസിയേറ്റ് ആർ.അച്യുതൻ, 2020 കർഷകോത്തമ്മ അവാർഡ് ജേതാവ് പി.ബി അനീഷ്, സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ സിസിൽ ചന്ദ്രൻ, രാഹുൽ എൻ വി, കർഷകരായ അജി എൻ, സനൽ ബോസ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

" കർഷകസംരംഭങ്ങൾ, മൂല്യ ശൃംഖലകളുടെ വികസനം, ധനകാര്യ സംവിധാനങ്ങൾ" എന്ന വിഷയത്തിൽ കാസർഗോഡ് സിപിസിആർഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സി.തമ്പാൻ അധ്യക്ഷത വഹിച്ച പാനൽ ചർച്ചയിൽ അഖിലേന്ത്യ സുഗന്ധവ്യഞ്ജന കയറ്റുമതി ഫോറം എക്സിക്യൂട്ടീവ് അംഗം പ്രകാശ് നമ്പൂതിരി, 2024 എഫ് പി സി സംസ്ഥാന കർഷക അവാർഡ് ജേതാവ് തട്ടേക്കാട് അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മാനേജിങ് ഡയറക്ടർ കെ സാബു വർഗീസ്, ഫലവർഗവിളകളുടെ കയറ്റുമതി സംരംഭക മരിയ കിടങ്ങാലില്‍, സിന്തൈറ്റ് ഇൻഡസ്ട്രീസ് ഡെപ്യൂട്ടി മാനേജർ ഏലിയാസ് സി പി, സി. പി. എം.യു സ്റ്റേറ്റ് നോഡൽ ഓഫീസർ എം. എസ് ബിന്ദു , ഗ്രീൻ ബൗൾ കൃഷിക്കൂട്ടം സ്ഥാപക എം. എസ് ആര്യ, ഫ്യൂസലേജ് ഇന്നൊവേഷൻസ് പ്രൊജക്റ്റ്‌ എഞ്ചിനീയർ മിഥുൽ ജോഷി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

ചർച്ചകളിൽ കർഷകർക്കുള്ള വിദേശ വ്യാപാര സാധ്യതകൾ, കയറ്റുമതി പ്രോത്സാഹനത്തിന് സർക്കാർ നടപ്പാക്കേണ്ട സഹായങ്ങൾ, കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എങ്ങനെ കൃത്യമായി മാർക്കറ്റ് ചെയ്യാം, കൃഷി അധിഷ്ഠിത വ്യവസായ വളർച്ച തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

25-Oct-2025

ന്യൂസ് മുന്‍ലക്കങ്ങളില്‍

More