ഹിൻഡൻബർ​ഗ് അടച്ചു പൂട്ടലിന് പിന്നിലെന്ത്?

സാമ്പത്തിക വെളിപ്പെടുത്തലിലൂടെ ഇന്ത്യയിൽ അദാനി ​ഗ്രൂപ്പിനും അമേരിക്കൻ കമ്പനി നിക്കോളാസിനുമുൾപ്പെടെ നിരവധി കമ്പനികൾക്ക് കോടികളുടെ നഷ്ടം ഉണ്ടാക്കിയ അമേരിക്കൻ ​ഗവേഷണ സ്ഥാപനമായ ഹിൻഡൻ ബർ​ഗ് റിസർച്ച് അടച്ചു പൂട്ടാനുള്ള തീരുമാനം പുറത്ത് വരുമ്പോൾ ലോകം ഒന്ന് ഞെട്ടി. ഹിൻഡൻബർ​ഗിന്റെ സ്ഥാപകൻ നഥാൻ ആൻഡേഴ്സിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വ്യാഴാഴ്ച ഓഹരി വിപണിയിൽ അദാനി സ്റ്റോക്കിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടായി.

തങ്ങളുടെ അന്വേഷണങ്ങൾ പൂർത്തീകരിച്ചതിനു ശേഷമാണ് ഹിൻഡൻ ബർ​ഗിന്റെ പ്രവർത്തനങ്ങൾ നിർത്തുന്നതെന്നാണ് ആൻഡേഴ്സൺ പറയുന്നത്. 2017 ലാണ് 11 പേരോടൊപ്പം ചേർന്ന് ഹിൻഡൻ ബർ​ഗ് റിസർച്ച് സ്ഥാപിക്കുന്നത്. 2023 ലെ അദാനി ​ഗ്രൂപ്പിനെതിരെ സ്ഥാപനം നടത്തിയ വെളിപ്പെടുത്തലുകളിൽ ഭരണപക്ഷം പ്രതികൂട്ടിലായി. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ അവർ വിദേശ ശക്തികളുമായി കൂട്ടുനിൽക്കുന്നുവെന്ന് അവകാശപ്പെട്ട് ബിജെപി, കോൺഗ്രസ് പാർട്ടിക്കെതിരെ സ്ഫോടനാത്മകമായ ചില ആരോപണങ്ങൾ ഉന്നയിച്ചു.

ബി.ജെ.പി നേതാവ് അമിത് മാളവ്യ ഹിൻഡൻബർഗ് റിസർച്ചിൻ്റെ പെട്ടെന്നുള്ള അടച്ചുപൂട്ടലിനെക്കുറിച്ച് പറയുന്നത്, കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള പുതിയ അമേരിക്കൻ ​ഗവൺമെന്റിന്റെ അഡ്മിനിസ്ട്രേഷൻ്റെ തീരുമാനത്തിൽ ഭയന്നുളള ഒളിച്ചോട്ടമെന്നാണ്. ആൻഡേഴ്സൺ തൻ്റെ ആരോഗ്യപരവും വ്യക്തിപരവുമായ കാരണത്താൽ സ്ഥാപനം പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.

ഹിൻഡൻബർഗ് റിസർച്ചിൻ്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്ന സമയത്ത് രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസും ബി.ജെ.പിയെയും ഗവൺമെന്റിനെയും പ്രതികൂട്ടിലാക്കിയിരുന്നു. പത്രസമ്മേളനങ്ങളിലും പാർലമെൻ്റ് നടപടികളിലും കോൺഗ്രസ് പാർട്ടി ഹിൻഡൻബർഗിൻ്റെ റിപ്പോർട്ടുകൾ ഇടയ്ക്കിടെ ഉദ്ധരിച്ചു കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയെ താറുമാറാക്കി.

കാര്യമായ റീട്ടെയിൽ നിക്ഷേപക പങ്കാളിത്തമുള്ള ഇന്ത്യൻ ഓഹരി വിപണിയെ ലക്ഷ്യം വച്ചുള്ള “ശക്തികളുമായി” കോൺഗ്രസ് പാർട്ടി അണിനിരക്കുകയാണെന്ന് മാളവ്യ ആരോപിച്ചു. ഇന്ത്യയ്ക്കെതിരെ നിരന്തരമായി ആരോപണം ഉന്നയിക്കുന്ന ജോർജ് സോറസിന്റെ ഫണ്ട് ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന ഹിൻഡൻബർ​ഗ്, ഇന്ത്യൻ ഓഹരി വിപണിയെ തകർക്കാൻ ലക്ഷ്യമിടുകയും ഇന്ത്യൻ പാർലമെന്റ് സമ്മേളനങ്ങളിൽ നിരന്തരമായി പ്രതിപക്ഷത്തിന്റെ പിന്തുണയോടെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു എന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഇന്ത്യയിൽ രാഷ്ട്രീയ തീപ്പൊരി അഴിച്ചുവിട്ടു. വൻതോതിലുള്ള സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിംഗ് തട്ടിപ്പ് പദ്ധതിയിലും അദാനി ഗ്രൂപ്പ് ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ആരോപിച്ചു. ഇത് വ്യാപകമായ രോഷത്തിന് ഇടയാക്കി. അദാനി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി സംശയാസ്പദമായ മാർഗങ്ങളിലൂടെ 120 ബില്യൺ ഡോളറിൻ്റെ ആസ്തി സമ്പാദിച്ചതായി ആരോപിക്കപ്പെട്ടു.

ആരോപണങ്ങൾ അദാനി ഗ്രൂപ്പിൻ്റെ സാമ്പത്തിക ഇടപാടുകളുടെ സൂഷ്മ പരിശോധനയിലേക്ക് നയിച്ചു. റിപ്പോർട്ട് വന്നതോടെ കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പുമായുള്ള അടുപ്പത്തിൻ്റെ പേരിൽ ഇന്ത്യൻ ഗവൺമെൻ്റ് വിമർശനങ്ങൾ നേരിട്ടു. അദാനി ​ഗ്രൂപ്പിനുമേൽ ഹിൻഡൻബർ​ഗ് പുറത്ത് വിട്ട റിപ്പോർട്ടിൽ സർക്കാരിൻ്റെ പങ്കിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയോട് ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടു.

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നു, അദാനി ഗ്രൂപ്പിൻ്റെ ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞു. നിക്ഷേപകർക്ക് കോടി കണക്കിന് നഷ്ടമുണ്ടായി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അടുത്തിടെ ഒരു എഡിറ്റോറിയൽ ലേഖനത്തിൽ ഹിൻഡൻബർഗ് ആരോപണങ്ങളിൽ തങ്ങൾ ചില പാഠങ്ങൾ ഉൾകൊണ്ടതായി പറ‍ഞ്ഞു. കമ്പനി ഇതാദ്യമായല്ല വ്യാജവും അടിസ്ഥാനരഹിതവുമായ അവകാശ വാദങ്ങൾ അഭിമുഖീകരിക്കുന്നത് എന്നാണ് അദാനിയുടെ പ്രസ്താവന. വിവാദങ്ങളിൽ കുടുങ്ങിപ്പോകുന്നതിനുപകരം, അതിൻ്റെ വളർച്ചയിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനി മുന്നോട്ട് നീങ്ങുന്നതിനാണ് കമ്പനി ശ്രദ്ധിച്ചത്. ഈ പ്രതിരോധവും സുതാര്യതയോടുള്ള പ്രതിബദ്ധതയും ഹിൻഡൻബർഗ് ആരോപണങ്ങൾ ഉയർത്തിയ വെല്ലുവിളികളെ മറികടക്കാൻ അദാനി ഗ്രൂപ്പിനെ സഹായിച്ചു.

മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ മേഖലകളിൽ അദാനി കുടുംബാംഗങ്ങൾ ഷെൽ കമ്പനികൾ സൃഷ്ടിച്ചതായി ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ആരോപിച്ചിരുന്നു. ലിസ്റ്റുചെയ്ത പൊതു കമ്പനികളിൽ നിന്ന് കള്ളപ്പണം വെളുപ്പിക്കാനും ഇറക്കുമതി-കയറ്റുമതി വ്യാജ ഡോക്യുമെൻ്റേഷൻ ഉപയോഗിച്ച് വ്യാജ വരുമാനം സൃഷ്ടിക്കാനും ഈ ഷെൽ കമ്പനികളെ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടിൻ്റെ പേരിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ നിന്ന് ഹിൻഡൻബർഗ് റിസർച്ച് സമ്മർദം നേരിടുന്നുണ്ട്.

അദാനി ​ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പുറമെ സോറസുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളിൻമേൽ ട്രംപ് ​ഗവൺമെന്റിന്റെ അന്വേഷണം തുടങ്ങാനിരിക്കുന്ന വേളയിൽ തന്നെ ഹിൻഡൻ ബർ​ഗിന്റെ അടച്ചു പൂട്ടാനുള്ള പ്രഖ്യാപനം അന്വേഷണത്തിൽ നിന്നുള്ള ഒളിച്ചോട്ടമായി കാണേണ്ടി വരും. അദാനി കേസ് ഉൾപ്പെടെ അമേരിക്കൻ നീതിന്യായ വകുപ്പ് ആരംഭിച്ച അന്വേഷണങ്ങളാണ് അടച്ചുപൂട്ടാനുള്ള ഹിൻഡൻബർഗ് റിസർച്ചിൻ്റെ തീരുമാനത്തിന് കാരണമെന്ന് കരുതാം.

കൂടാതെ, ഇന്ത്യയുടെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) സാധ്യമായ അന്വേഷണവും സ്ഥാപനത്തെ സമ്മർദ്ദത്തിലാക്കിയിരുന്നിരിക്കാം. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള സ്ഥാപനത്തിൻ്റെ റിപ്പോർട്ടിൽ തെറ്റായ വിവരണങ്ങളും കൃത്യമല്ലാത്ത പ്രസ്താവനകളും ഉണ്ടെന്ന് ആരോപിച്ച് ഹിൻഡൻബർഗ് റിസർച്ചിന് സെബി ഇതിനോടകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മൊത്തത്തിൽ ആരോപണങ്ങളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ് ഹിൻഡൻബർ​ഗിന്റെ അടച്ചുപൂട്ടൽ. ഒപ്പം കോൺ​ഗ്രസിന്റെ ആരോപണങ്ങൾക്ക് ലഭിച്ച തിരിച്ചടിയും.

18-Jan-2025