തലപ്പാവില്ലാതെ വിമാനത്താവളത്തിൽ ഇറങ്ങിയ സിഖുകാരുടെ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

അമേരിസ്‌ക്കയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി നാടുകടത്തുന്ന ഇന്ത്യക്കാർക്കെതിരെയുള്ള സമീപനത്തിൽ പ്രതിഷേധം ശക്തം. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും തമ്മിലുള്ള കൂടികാഴ്ച്ചക്ക് ശേഷവും കുടിയേറ്റക്കാരുടെ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ചാണ് കൊണ്ടുവന്നത്.

മാത്രമല്ല, സിഖ് യുവാക്കളെ തലപ്പാവ് ധരിക്കുന്നതിൽനിന്ന് തടഞ്ഞെന്ന വിവരവും പുറത്തുവന്നു. തലപ്പാവില്ലാതെ വിമാനത്താവളത്തിൽ ഇറങ്ങിയ സിഖുകാരുടെ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചിലർ തലപ്പാവില്ലാതെ തറയിൽ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രതിഷേധിച്ചു.

അതേസമയം, അമേരിക്കയിൽ നിന്നുള്ള മൂന്നാമത്തെ വിമാനം ഇന്നലെ രാത്രിയാണ് പഞ്ചാബിലെ അമൃത്‌സറില്‍ ഇറങ്ങിയത്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണിവരെ എത്തിച്ചത്. 112 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 44 പേര്‍ ഹരിയാനക്കാരും 33 പേര്‍ ഗുജറാത്തികളും 31 പേര്‍ പഞ്ചാബികളും രണ്ടുപേര്‍ ഉത്തര്‍പ്രദേശുകാരുമാണ്. കൂടാതെ ഹിമാചല്‍ പ്രദേശില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നുമുള്ള ഓരോരുത്തരും ഈ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി അഞ്ചിനാണ് നാടുകടത്തപ്പെട്ട 104 പേരെയും വഹിച്ചുകൊണ്ടുള്ള ആദ്യത്തെ വിമാനം ഇന്ത്യയിലെത്തിയത്. ശനിയാഴ്ച എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 116 പേരായിരുന്നു ഉണ്ടായിരുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം നാടുകടത്തുന്നവരോടുള്ള സമീപനം എങ്ങനെയാകുമെന്ന് രാജ്യം നോക്കിയിരുന്നു. ഇതിനിടയിലാണ് സിഖുകാരുടെ തലപ്പാവഴിപ്പിച്ചതിന്‍റെയും കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ചതിന്റെയും റിപ്പോർട്ടുകൾ വീണ്ടും പുറത്ത് വരുന്നത്.

17-Feb-2025