തിരുവനന്തപുരം സെൻട്രൽ സീറ്റിനെച്ചൊല്ലി യുഡിഎഫിൽ തർക്കം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിൽക്കൽ എത്തിനിൽക്കെ, നിർണ്ണായകമായ തിരുവനന്തപുരം സെൻട്രൽ സീറ്റിനെച്ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നു.മണ്ഡലം തിരിച്ചുപിടിക്കാൻ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന പൊതുവികാരം മുന്നണിക്കുള്ളിലുണ്ടെങ്കിലും, ആര് മത്സരിക്കണമെന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാണ്.

സ്ഥാനാർത്ഥിപ്പട്ടികയിൽ പ്രമുഖരായ മൂന്ന് പേരുടെ പേരുകൾ ഉയർന്നുവന്നതാണ് നിലവിൽ അനിശ്ചിതത്വത്തിന് കാരണമായിരിക്കുന്നത്.സിഎംപി നേതാവ് സി.പി. ജോണിനെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് മുന്നണിയിലെ ഒരു വിഭാഗം നേതാക്കൾ. എന്നാൽ, മണ്ഡലത്തിൽ മുൻപ് വിജയിച്ചിട്ടുള്ള വി.എസ്. ശിവകുമാറിനെ തന്നെ വീണ്ടും കളത്തിലിറക്കണമെന്ന വാദവും ശക്തമാണ്.

ഇതിനിടെ യുവനേതാവ് കെ.എസ്. ശബരിനാഥന്റെ പേരും സജീവമായി ചർച്ചകളിലുണ്ട്. ശബരിനാഥനെപ്പോലൊരു യുവമുഖത്തെ അവതരിപ്പിച്ചാൽ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാനാകുമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ കണക്കുകൂട്ടൽ.

ജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്ന് നേതൃത്വം പറയുമ്പോഴും, ഗ്രൂപ്പ് സമവാക്യങ്ങളും ഘടകകക്ഷികളുടെ സമ്മർദ്ദവും ചർച്ചകളെ സങ്കീർണ്ണമാക്കുന്നു. വരും ദിവസങ്ങളിൽ കെപിസിസി നേതൃത്വം ഇടപെട്ട് തർക്കം പരിഹരിക്കുമെന്നാണ് സൂചന.

08-Mar-2026