വയനാട് പുനരധിവാസം; കേന്ദ്ര വായ്പയിൽ കാലാവധി നീട്ടാൻ കേരളം ആവശ്യപ്പെടും

വയനാട് പുനരധിവാസത്തിനുള്ള കേന്ദ്ര വായ്പയില്‍ കാലാവധി നീട്ടിത്തരണമെന്ന് കേരളം ആവശ്യപ്പെടും. മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇക്കാര്യം രേഖാമൂലം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.

പുനരധിവാസത്തിന് ഗ്രാന്റ് അനുവദിക്കുന്നതിന് പകരം 529.50 കോടി രൂപയുടെ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇത് 2025 മാര്‍ച്ച് 31നകം ചെലവഴിക്കണം എന്നതാണ് കേന്ദ്ര നിബന്ധന. എന്നാല്‍, കേന്ദ്രത്തിന്റെ ഈ നിബന്ധന അപ്രായോഗികമാണ് എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തുക ചിലവഴിക്കാനുള്ള കാലാവധി മാര്‍ച്ച് 31ല്‍ നിന്നും നീട്ടി നല്‍കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സംസ്ഥാനം തീരുമാനിച്ചത്.

പുനരധിവാസവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി. മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

17-Feb-2025