അമിത് ഷായുടെ ജീവിതം സ്കൂളിൽ പഠിപ്പിക്കണമെന്ന് ആവശ്യം; പരിഗണിക്കാൻ കേന്ദ്രസർക്കാർ

സ്കൂളുകളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കണമെന്ന ആവശ്യം ദേശീയ വിദ്യാഭ്യാസ കൗൺസിലിന്‍റെ പരിഗണനക്ക് വിട്ട് കേന്ദ്ര സർക്കാർ. യു.പിയിലെ ഖൊരക്പൂർ കേന്ദ്രീകരിച്ചുള്ള ‘അമിത് ഷാ യൂത്ത് ബ്രിഗേഡ്’ എന്ന സംഘടന ഉയർത്തിയ ആവശ്യമാണ് കേന്ദ്രം എൻ.സി.ഇ.ആർ.ടിയുടെ പരിഗണനക്ക് വിട്ടത്. അമിത് ഷായുടെ വ്യക്തിജീവിതത്തെ കുറിച്ചും രാഷ്ട്രീയ ജീവിതത്തെ കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

അമിത് ഷാ യൂത്ത് ബ്രിഗേഡിന്‍റെ അധ്യക്ഷൻ എസ്.കെ. ശുക്ല ഇത്തരമൊരു ആവശ്യമുന്നയിച്ച് ഡിപാർട്മെന്‍റ് ഓഫ് സ്കൂൾ എജ്യുക്കേഷനിൽ ഡിസംബർ 18 ന് കത്ത് നൽകിയിരുന്നു. ആവശ്യമുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകിയിരുന്നെന്ന് എസ്.കെ. ശുക്ല പറഞ്ഞു. കത്ത് എൻ.സി.ഇ.ആർ.ടിയുടെ പരിഗണനക്ക് വിട്ടത് നടപടിക്രമം മാത്രമാണെന്നും നിർദേശമല്ലെന്നും വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പാഠ്യപദ്ധതിക്ക് പുറത്തുള്ള നിരവധി വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് അധികവായനക്കായി സ്കൂൾ കുട്ടികൾക്ക് നൽകാറുണ്ടെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. പലതരം വിഷ‍യങ്ങളിൽ ഇങ്ങനെ പുസ്തകം ഇറക്കാറുണ്ട്.

എന്നാൽ, ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്ന ഒരാളുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അധികവായനക്കായുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് വിദഗ്ധരാണ് തീരുമാനമെടുക്കുന്നത്. അമിത് ഷായെ കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും വിദഗ്ധരാണ് പരിഗണിക്കേണ്ടത്. ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അതേസമയം, ആവശ്യമുന്നയിച്ച് കത്ത് നൽകിയ എസ്.കെ. ശുക്ല നേരത്തെ അമിത് ഷായുടെ ജീവിതത്തെ ആസ്പദമാക്കി പുസ്തകമെഴുതിയിട്ടുണ്ട്. ‘മൻസ നഗർ സേ സൻസദ് തക്’ എന്നാണ് പുസ്തകത്തിന്‍റെ പേര്.

അമിത് ഷാ രാജ്യത്തിന് നൽകിയ സംഭാവനകളെ കുറിച്ച് കുറച്ചാളുകൾ മാത്രമേ അറിയുന്നുള്ളൂവെന്ന് ശുക്ല പറഞ്ഞു. ‘പുസ്തകം പ്രസിദ്ധീകരിച്ച് വിദ്യാർഥികൾക്ക് നൽകിയാൽ കൂടുതൽ യുവാക്കൾക്ക് ഷായുടെ ജീവിതത്തെ കുറിച്ച് അറിയാൻ സാധിക്കും. സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം എല്ലാ സുഖസൗകര്യങ്ങളും ത്യജിക്കുകയായിരുന്നു. വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ബി.ജെ.പിയെ ലോകത്തിലെ തന്നെ വലിയ രാഷ്ട്രീയ പാർട്ടിയായി വളർത്തിയത് ഷായാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ രാജ്യത്തെ ശക്തവും സുരക്ഷിതവുമാക്കുന്നതിലും അഴിമതി ഇല്ലാതാക്കുന്നതിലും നിയമവ്യവസ്ഥ ശക്തമാക്കുന്നതിലും ഭീകരവാദം ഇല്ലാതാക്കുന്നതിലും അമിത് ഷാ വലിയ പങ്കുവഹിച്ചു ‘-ശുക്ല പറഞ്ഞു.

18-Feb-2025