സംസ്ഥാന സ്കൂൾ കായികമേളയെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
അഡ്മിൻ
കൊച്ചിയിൽ ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേളയെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു കേരളം സ്കൂൾ കായിക മേള സംഘടിപ്പിച്ചത്. ഇതിനെയാണ് കേന്ദ്രം അഭിനന്ദിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് സമഗ്ര വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും കേരളം എപ്പോഴും മുൻപന്തിയിലാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട കേരള സ്കൂൾ കായികമേള '24 ഈ പ്രതിബദ്ധത ഊന്നിപ്പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഒളിമ്പിക്സ് മാതൃകയിലുള്ള ചട്ടക്കൂട് സ്വീകരിക്കുന്നതിലൂടെയും ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെയും, വിദ്യാഭ്യാസത്തിലും കായികരംഗത്തും തുല്യത വളർത്തുന്നതിനുള്ള സമർപ്പണത്തെ വീണ്ടും ഉറപ്പിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളം സംഘടിപ്പിച്ച പരിപാടിയുടെ പ്രധാന്യത്തെ കൂടുതൽ അടിവരയിടുന്നതാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം. സമഗ്ര നയങ്ങൾ നടപ്പിലാക്കുന്നതിൽ കേരളത്തിന്റെ നേതൃത്വത്തെയാണ് കേന്ദ്രത്തിന്റെ കുറിപ്പ് വ വ്യക്തമാക്കുന്നത്. ജാതി, മതം, വംശം അല്ലെങ്കിൽ കഴിവ് എന്നിവ പരിഗണിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസവും പാഠ്യേതര അവസരങ്ങളും പ്രാപ്യമാണെന്ന് ഉറപ്പാക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് കേരളത്തിനുള്ളത്.
കൂടുതൽ സമഗ്രമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലേക്കുള്ള കേരളത്തിന്റെ തുടർച്ചയായ പുരോഗതിയുടെ തിളക്കമാർന്ന ഉദാഹരണമായി ഇത് നിലകൊള്ളും. മറ്റ് സംസ്ഥാനങ്ങൾക്ക് അനുകരിക്കാൻ ഒരു മാതൃക കൂടി കേരളം സൃഷ്ടിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.