രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്
അഡ്മിൻ
എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല വിഷയത്തില്‍ എക്സൈസ് മന്ത്രി എം ബി രാജേഷുമായി സംവാദത്തിന് പാലക്കാട് എംപി വി കെ ശ്രീകണ്ഠനെ നിയോഗിക്കുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്ഥാവനക്ക് മറുപടിയുമായി എംബി രാജേഷ്. പകരം ആളെ അയക്കാന്‍ ഇത് മാമാങ്കമല്ലല്ലോയെന്ന് രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ആരോപണമുന്നയിച്ചവര്‍ ചര്‍ച്ചയ്ക്ക് വരട്ടെയെന്നും ഒപ്പം എംപിക്കും വരാമെന്നും എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
സ്പിരിറ്റ് നിര്‍മ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യം ആരോപണം ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണ്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് ശ്രീ. വി ഡി സതീശനും ആരോപണവുമായി രംഗത്തുവന്നു. ഇരുവരും മത്സരിച്ച് ആരോപണം ഉന്നയിക്കുകയും പിന്നീട് ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. സംവാദത്തിന് ഇവരില്‍ ആരെങ്കിലും വരുന്നതല്ലേ മര്യാദ? ഞങ്ങള്‍ക്ക് പകരം വേറെ ഒരാളെ അയയ്ക്കാം എന്ന് പറയുന്നത് എന്ത് മര്യാദയാണ്? ഇവര്‍ രണ്ടുപേരും, ഇവര്‍ നിയോഗിക്കാം എന്ന് പറയുന്നയാളും ഒരുമിച്ച് വരട്ടെ. അതിനും വിരോധമില്ല – എം ബി രാജേഷ് വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം:
എന്നോടുള്ള സംവാദത്തിന് തനിക്ക് പകരം പാലക്കാട് എം പി പങ്കെടുക്കുമെന്ന് ശ്രീ. രമേശ് ചെന്നിത്തല പറഞ്ഞതായി അറിഞ്ഞു. സ്പിരിറ്റ് നിര്‍മ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യം ആരോപണം ഉന്നയിച്ചത് ശ്രീ. രമേശ് ചെന്നിത്തലയാണ്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് ശ്രീ. വി ഡി സതീശനും ആരോപണവുമായി രംഗത്തുവന്നു. ഇരുവരും മത്സരിച്ച് ആരോപണം ഉന്നയിക്കുകയും പിന്നീട് ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. സംവാദത്തിന് ഇവരില്‍ ആരെങ്കിലും വരുന്നതല്ലേ മര്യാദ? ഞങ്ങള്‍ക്ക് പകരം വേറെ ഒരാളെ അയയ്ക്കാം എന്ന് പറയുന്നത് എന്ത് മര്യാദയാണ്? ഇവര്‍ രണ്ടുപേരും, ഇവര്‍ നിയോഗിക്കാം എന്ന് പറയുന്നയാളും ഒരുമിച്ച് വരട്ടെ. അതിനും വിരോധമില്ല.
വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍, അടിയന്തിര പ്രമേയം കൊണ്ടുവരാന്‍ ആദ്യം തന്നെ ഞാന്‍ വെല്ലുവിളിച്ചതാണ്. ചില ന്യായങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി. പിന്നീടുയര്‍ത്തിയ എല്ലാ വാദങ്ങളും പൊളിഞ്ഞു. ഒടുവില്‍ മഴവെള്ള സംഭരണി സാധ്യമാകില്ലെന്ന വാദം ഉയര്‍ത്തിയപ്പോള്‍, അഹല്യയിലെ മഴവെള്ള സംഭരണി സന്ദര്‍ശിക്കാനായി ഫെബ്രുവരി 17 ന് പോകാന്‍ പ്രതിപക്ഷ നേതാവിനെയും മുന്‍പ്രതിപക്ഷ നേതാവിനെയും വീണ്ടും ക്ഷണിച്ചു. തിങ്കളാഴ്ച അവിടം സന്ദര്‍ശിക്കാന്‍ പ്രതിപക്ഷത്ത് നിന്ന് ഒരാള്‍ പോലും വന്നില്ല. എനിക്കൊപ്പം അവിടെ വന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങള്‍ക്കും ശേഷമാണ്, തനിക്ക് പകരം മറ്റൊരാള്‍ ഗോദയില്‍ ഇറങ്ങുമെന്ന ഈ പുതിയ നമ്പര്‍. പകരം മറ്റൊരാളെ നിയോഗിക്കാന്‍ ഇത് മാമാങ്കമല്ലല്ലോ, സംവാദമല്ലേ?
19-Feb-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ