ഇന്ത്യക്ക് തെരഞ്ഞടുപ്പ് ഫണ്ട് നൽകി എന്ന ട്രംപിന്റെ വാദം തെറ്റ്; വാഷിങ്ടൺ പോസ്റ്റ്
അഡ്മിൻ
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ പണം നൽകിയിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തളളി അമേരിക്കൻ മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്. ഇന്ത്യക്ക് അമേരിക്കയുടെ വിദേശ സഹായ ഏജൻസിയായ യുഎസ്എഐഡി പണം നൽകിയതിന് രേഖകളില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 'ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) തെറ്റായ അവകാശവാദം എങ്ങനെയാണ് ഇന്ത്യയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചത്' എന്ന തലക്കെട്ടോടെയാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്.
യുഎസ്എഐഡിക്ക് ബംഗ്ലാദേശുമായി 21 മില്യൺ ഡോളറിന്റെ കരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2008 മുതൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്കും യുഎസ്എഐഡിയിൽ നിന്ന് ഇന്ത്യക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തെ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് പിന്തുണയ്ക്കുന്നുണ്ട്.
ഡോജിൻ്റെ (ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റ്) വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു പരിപാടിയും ഇന്ത്യയിൽ ഇല്ലെന്ന് യുഎസ്എഐഡിയുമായി ബന്ധമുളള മൂന്ന് പേരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഡോജിൻ്റെ അവകാശവാദം കേട്ട് തങ്ങൾ ഞെട്ടിപ്പോയി, ഇന്ത്യയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും അറിയില്ലെന്നും തങ്ങൾ അതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റിന്റെ കുറിപ്പിൽ പറഞ്ഞു.