ത്രിഭാഷാ സമ്പ്രദായം ; ഡി.എം.കെ ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷികൾ പ്രതിഷേധത്തിൽ

ഹിന്ദിയിലെഴുതിയ ബോർഡുകൾ കറുപ്പ് പെയിന്റടിച്ച് മായ്ച്ച ഡി.എം.കെ പ്രവർത്തകർക്കെതിരെ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചി, തിരുനെൽവേലിയിലെ പാളയംകോട്ട റെയിൽവേ സ്റ്റേഷനുകളിൽ ഞായറാഴ്ച രാവിലെയാണ് പ്രാദേശിക ഡി.എം.കെ പ്രവർത്തകർ കറുപ്പ് പെയിന്റടിച്ചത്.

റെയിൽവേ അധികൃതരുടെ എതിർപ്പ് അവഗണിച്ചാണ് ഹിന്ദിയിലെഴുതിയ സ്ഥലപ്പേരുകളുള്ള ബോർഡ് പെയിന്റടിച്ച് മറച്ചത്. പിന്നീട് ഇതേ സ്ഥലത്ത് അധികൃതർ ഹിന്ദിയിലെഴുതി ബോർഡുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പത്തോളം ഡി.എം.കെ പ്രവർത്തകരുടെ പേരിൽ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ സമ്പ്രദായം നടപ്പാക്കാത്തപക്ഷം ഫണ്ട് അനുവദിക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ ഡി.എം.കെ ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷികൾ പ്രതിഷേധത്തിലാണ്. ഇതിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനിലെ ഹിന്ദി ബോർഡുകൾ മായ്ച്ചതെന്ന് ഡി.എം.കെ കേന്ദ്രങ്ങൾ അറിയിച്ചു.

24-Feb-2025