യുഎസ്എഐഡി 2023-24 ല്‍ ഇന്ത്യക്ക് നല്‍കിയത് 750 മില്യണ്‍ ഡോളര്‍;

പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് വിവാദത്തിലായ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) 2023-24ല്‍ ഇന്ത്യയില്‍ 750 മില്യണ്‍ ഡോളറിന്റെ ഏഴ് പദ്ധതികള്‍ക്ക് ധനസഹായം നല്‍കിയതായി ധനമന്ത്രാലയം. 'നിലവില്‍, 750 മില്യണ്‍ ഡോളറിന്റെ മൊത്തം ബഡ്ജറ്റ് മൂല്യമുള്ള ഏഴ് പ്രോജക്റ്റുകള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ച് യുഎസ്എഐഡി നടപ്പിലാക്കുന്നു,' 2023-24 ലെ ധനമന്ത്രാലയ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.

ഉഭയകക്ഷി ധനസഹായ ക്രമീകരണങ്ങളുടെ നോഡല്‍ വകുപ്പായ ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പും 2023-24ല്‍ ധനസഹായം നല്‍കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ പങ്കുവച്ചിട്ടുണ്ട്.ഈ വര്‍ഷം പോളിംഗ് വര്‍ധിപ്പിക്കുന്നതിന് യുഎസ്എഐഡി ധനസഹായം നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാര്‍ഷിക, ഭക്ഷ്യസുരക്ഷാ പരിപാടികളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് പ്രധാനമായു സഹായം. കുടിവെള്ളം, ശുചിത്വം, പുനരുപയോഗ ഊര്‍ജം, ദുരന്തനിവാരണം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലേക്കുള്ള യുഎസിന്റെ ഉഭയകക്ഷി വികസന സഹായം 1951 ലാണ് ആരംഭിച്ചത്. ഇത് പ്രധാനമായും യുഎസ്എഐഡി വഴിയാണ് കൈകാര്യം ചെയ്യുന്നത്. ആരംഭിച്ചതുമുതല്‍, 555-ലധികം പദ്ധതികള്‍ക്കായി വിവിധ മേഖലകളിലായി 17 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം യുഎസ്എഐഡി ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്.

ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് (കാര്യക്ഷമതാ വകുപ്പ്) 'വോട്ടര്‍മാരുടെ എണ്ണം' വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് 21 മില്യണ്‍ ഡോളര്‍ ഗ്രാന്റ് റദ്ദാക്കിയതായി ഈ മാസമാദ്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ പ്രസിഡന്റ് ട്രംപും ആവര്‍ത്തിച്ച് ഈ ഫണ്ടിനെ വിമര്‍ശിച്ചിരുന്നു.

25-Feb-2025