ഹജ്ജ് യാത്ര; ഉയർന്ന വിമാന നിരക്കിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമായാന മന്ത്രാലയം

കോഴിക്കോട് നിന്ന് ഹജ്ജ് യാത്രയ്ക്കായുള്ള ഉയർന്ന വിമാനത്തുകയിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഹാരിസ് ബീരാൻ എം പിയുടെ കത്തിന് മറുപടി ആയി ആണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.ഓരോ വർഷവും യാത്രയുമായി ബന്ധപെട്ടു ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെൻഡർ ക്ഷണിക്കാറുണ്ട്.

അതിൽ പങ്കെടുക്കുന്നവർ സമർപ്പിക്കുന്ന ഏറ്റവും കുറവ് ടെൻഡർ ആണ് പരിഗണിക്കുക.ഇത്തവണത്തെ കരിപ്പൂരിലെ ടെണ്ടറിൽ ഏറ്റവും കുറവ് വന്ന തുക 128000 ആണെന്നും ഇതിൽ ഇടപെടാൻ ആകില്ലെന്നുമാണ് ഹാരിസ് ബീരാൻ എം പിക്ക് നൽകിയ മറുപടിയിൽ വ്യോമയാന മന്ത്രാലയം പറയുന്നത്.

കണ്ണൂരിലെയും കൊച്ചിയിലെയും നിരക്കിനെക്കാള്‍ 40,000 രൂപയുടെ വർധനവാണ് കരിപ്പൂർ എയർപോർട്ടിൽ നിന്നുള്ള ഹജ്ജ് യാത്രക്ക്. ഇതിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള മന്ത്രിമാരും കേന്ദ്രത്തിനു കത്തയച്ചിരുന്നു.കഴിഞ്ഞ തവണയും കരിപ്പൂരില്‍ നിന്ന് ഉയർന്ന ടിക്കറ്റ് നിരക്കാണ് ആദ്യം ഈടാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ ഇടപെടലിനെ തുടർന്ന് പിന്നീട് കുറക്കുകയായിരുന്നു.

26-Feb-2025