ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത് കടുത്ത ശിക്ഷ; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത് കടുത്ത ശിക്ഷയായിരിക്കുമെന്നും നിലവിലെ അയോഗ്യത കാലയളവായ ആറ് വര്‍ഷം ശിക്ഷ മതിയാവുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ ആജീവനാന്തം വിലക്കണമെന്നും രാജ്യത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാറിനോട് കോടതി സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

അയോഗ്യരാക്കാനുള്ള കാലയളവ് തീരുമാനിക്കുന്നത് പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും കേന്ദ്രം സത്വാംഗ്മൂലത്തില്‍ പറഞ്ഞു. ആജീവനാന്ത നിരോധനം ഉചിതമാണോ അല്ലയോ എന്ന ചോദ്യം പാര്‍ലമെന്റിന്റെ പരിധിയില്‍ മാത്രമുള്ള ചോദ്യമാണെന്നും ആനുപാതികതയുടെയും ന്യായത്തിന്റെയും തത്വങ്ങള്‍ പരിഗണിച്ച് അയോഗ്യതയുടെ കാലാവധി സഭയാണ് തീരുമാനിക്കുന്നതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു.

26-Feb-2025