കെപിസിസി അഴിച്ചു പണിയണം: ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി ദീപാ ദാസ് മുൻഷി

കെപിസിസിയിൽ അഴിച്ചുപണി വേണമെന്ന് റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിച്ച് കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. കെപിസിസിയിൽ പുനഃസംഘടന ഉടൻ വേണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് എഐസിസിക്ക് കൈമാറിയത്.

സമ്പൂർണ്ണ പുനഃസംഘടന വേണമെന്ന നിർദ്ദേശം റിപ്പോർട്ടിലില്ല എന്നാൽ പാർട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കണമെന്നും പാർടിയുടെ സംഘടനാ സംവിധാനങ്ങൾ ദുർബലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഹൈക്കമാൻഡ് വിളിച്ചു ചേർത്ത കേരളത്തിലെ നേതാക്കന്മാരുടെ യോഗം നാളെ നടക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എഐസിസി, കെപിസിസി ഭാരവാഹികൾ, ശശി തരൂർ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള എംപിമാരും പങ്കെടുക്കുമെന്നാണ് സൂചന.

27-Feb-2025