യുഡിഎഫ് യോഗത്തിൽ ശശി തരൂരിനെതിരെ രൂക്ഷ വിമർശനം

കൊച്ചിയിൽ നടന്ന യുഡിഎഫ് യോഗത്തിൽ ശശി തരൂരിനെതിരെ രൂക്ഷ വിമർശനം. ശശി തരൂരിൻ്റെ പേര് പരാമർശിക്കാതെയാണ് ഘടക കക്ഷികൾ തരൂരിനെതിരെ വിമർശനം ഉയർത്തിയത്. ജനങ്ങളുടെ മുന്നിൽ ഐക്യം പ്രകടമാക്കണമെന്ന് ഘടകക്ഷികൾ യോഗത്തിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ തമ്മിൽ പരസ്യമായ കലഹം തുടരുന്നതിലും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ മറ്റ് കോൺഗ്രസ് നേതാക്കൾ എല്ലാം എത്തിയിട്ടും ശശി തരൂർ പ്രചരണത്തിന് എത്തിയില്ലെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. വരാനിരിക്കുന്ന തദേശ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കവും തീരദേശ യാത്രയും ആയിരുന്നു യുഡിഎഫ് യോഗത്തിന്റെ അജണ്ടയെങ്കിലും കോൺഗ്രസിനുള്ളിലെ തർക്കങ്ങളാണ് പ്രധാന ചർച്ചാ വിഷയമായി മാറിയത്. തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതിയും ഘടകകക്ഷികൾ ഉന്നയിച്ചു. കോൺഗ്രസിലെ തമ്മിലടിയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് ഉൾപ്പെടെ കാരണമായതെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.

കോൺഗ്രസ് നേതാക്കൾ തമ്മിൽ പരസ്യമായ കലഹം തുടരുന്നതിൽ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ യുഡിഎഫ് യോഗത്തിൽ അതൃപ്തി അറിയിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം നടന്ന യുഡിഎഫ് കൺവീനറുടെ വാർത്താ സമ്മേളനത്തിലെ വാക്കുകളും ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു.

27-Feb-2025