കോണ്‍ഗ്രസ്സ് നേതാക്കളെ വരച്ചവരയില്‍ നിര്‍ത്താന്‍ പുതിയ ഫോര്‍മുലയുമായി രാഹുല്‍ ഗാന്ധി
അഡ്മിൻ
കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളെ വരച്ചവരയില്‍ നിര്‍ത്താന്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെയ്ക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ രാഹുല്‍ ഗാന്ധി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ഒരാളെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.
കോണ്‍ഗ്രസ്സിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലുവിന്റെ കൂടി അഭിപ്രായം മാനിച്ചാണ് ഇത്തരം ഒരു നിലപാട് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കളെ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒരു പ്രത്യേക വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടിയാല്‍, പരസ്പരം കാലുവാരലും ഉള്‍പോരും വര്‍ദ്ധിക്കുമെന്നും അത് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് കനഗോലുവും രാഹുല്‍ ഗാന്ധിയുമുള്ളത്. ഈ നിലപാട് കെ. സുധാകരന്, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ശശി തരൂര്‍, ബെന്നി ബെഹനാന്, ഹൈബി ഈഡന്, കൊടിക്കുന്നില്‍ സുരേഷ് എന്നീ എം.പിമാര്‍ക്കാണ് തിരിച്ചടിയാകുക. എം.പി പദവിയേക്കാള്‍ മുഖ്യമന്ത്രി പദവിയും മന്ത്രിപദവിയും എല്ലാം ആഗ്രഹിക്കുന്നവരാണ് ഇവരെന്നതും പരസ്യമായ രഹസ്യമാണ്.
മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദം ഉന്നയിക്കുന്ന തരൂരിനെ ഒതുക്കാന്‍, ഇത്തരം ഒരു പൊതു നിലപാടു കൊണ്ട് സാധിക്കുമെന്നതും രാഹുല്‍ ഗാന്ധി തിരിച്ചറിയുന്നുണ്ട്. മേല്‍ സൂചിപ്പിച്ച എം.പി മാരില്‍ ഹൈബി ഈഡനും, ബെന്നി ബെഹനാനും പ്രതിനിധീകരിക്കുന്ന എറണാകുളം, ചാലക്കുടി ലോകസഭ മണ്ഡലങ്ങള്‍ ഒഴികെ മറ്റ് അഞ്ചു പേര് മത്സരിക്കുന്ന ലോകസഭ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍, അതും കോണ്‍ഗ്രസ്സിന് തിരിച്ചടിയാകാനാണ് സാധ്യത. ഇതും ടീം കനഗോലു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.