ഭാഷാ യുദ്ധത്തിൽ പങ്കെടുക്കാൻ ഓരോരുത്തരും മുന്നോട്ട് വരണം: എം.കെ സ്റ്റാലിൻ
അഡ്മിൻ
ത്രിഭാഷാ വിവാദത്തിലും ലോക്‌സഭ മണ്ഡല പുനർനിർണയത്തിലും നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ജനസംഖ്യാടിസ്ഥാനത്തിൽ ലോക്‌സഭ മണ്ഡല പുനർനിർണയം പാടില്ല, തമിഴ്നാടിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടും. സംസ്ഥാനത്തെ സംരക്ഷിക്കാൻ ഓരോരുത്തരും മുന്നോട്ട് വരണമെന്നും വീഡിയോ സന്ദേശത്തിൽ എം.കെ. സ്റ്റാലിൻ അറിയിച്ചു.
ത്രിഭാഷാ നയത്തിനെതിരായ ചെറുത്തുനിൽപ്പ് കാരണം ഫണ്ട് തടഞ്ഞുവയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന അദ്ദേഹം ഒരു ഭാഷാ യുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയത്തിനെതിരായ ഭാഷായുദ്ധത്തിൽ പങ്കെടുക്കാനും സംസ്ഥാനത്തെ ജനങ്ങളോട് തമിഴ്‌നാട് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ലോക്‌സഭ മണ്ഡല പുനർനിർണയം സംസ്ഥാനത്തിൻ്റെ അന്തസ്, സാമൂഹിക സമത്വം, പൊതുക്ഷേമം എന്നിവയെ ബാധിക്കും. ഈ സന്ദേശം ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. ഒരോരുരത്തരും നമ്മുടെ സംസ്ഥാനത്തിന് വേണ്ടി പൊരുതണം. ചില സംസ്ഥാനങ്ങൾ കേന്ദ്ര നയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ, പഞ്ചാബ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ നമ്മളോടൊപ്പം ഉണ്ട്.
കേന്ദ്ര സർക്കാർ അവരുടെ നയങ്ങൾ നമ്മളിൽ അടിച്ചേൽപ്പിക്കുന്നില്ലെന്ന് പറയുന്നു. എന്നാൽ, അവരുടെ പ്രവൃത്തികൾ അതാണ് സൂചിപ്പിക്കുന്നത്. ഞങ്ങൾ തമിഴ്നാടിൻ്റെ ക്ഷേമത്തിനും ഭാവിക്കും വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്നും എം.കെ സ്റ്റാലിൻ വ്യക്തമാക്കി.