മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം ഭൂമി ഏറ്റെടുക്കുന്ന നടപടികൾ തടസപ്പെടരുത്: ഹൈക്കോടതി
അഡ്മിൻ
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കൂടാതെ ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍സിൻ്റെ വാദം കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിന്റെ പണം സ്വകാര്യ വ്യക്തിക്ക് നല്‍കിയാല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസമാകുംമെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. ബാങ്ക് ഗാരന്റി നല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസണ്‍സ് നല്‍കിയ അപ്പീലിലാണ് നടപടി. ഹാരിസണ്‍സിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. അപ്പീലിലെ നിയമ പ്രശ്‌നത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും.
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളികൊണ്ടാണ് സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികൾക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഹാരിസൺ മലയാളം ലിമിറ്റഡും എസ്റ്റേറ്റുമായിരുന്നു ഏറ്റെടുക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഉത്തരവിട്ടതിൻ്റെ പിറ്റേന്ന് മുതൽ നടപടികൾ ആരംഭിക്കാമെന്നും ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.