ആശാവർക്കർമാർ ശത്രുക്കളല്ല: പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ

ആശാവർക്കർമാർ ശത്രുക്കളല്ലെന്നും അദാനിയും അംബാനിയുമാണ് ശത്രുക്കളെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആശമാരുടെ സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചിലർ ശ്രമിക്കുന്നുണ്ടെന്നും അരാജകവാദികളായ ഒരുപാടുപേർ സമരത്തിന് പിന്നിലുണ്ടെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. കേന്ദ്രം തരാനുള്ള 100 കോടി രൂപ ഇതുവരെ തന്നിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

വരുന്ന തെരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ ഭീകരവാദം കോൺഗ്രസും ലീഗും ഇടതുമുന്നണിക്ക് എതിരായി ഉപയോഗിക്കുമെന്നതിന്റെ സൂചനയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം എം.വി ഗോവിന്ദൻ പറഞ്ഞു. എസ്ഡിപിഐയെ ജയിപ്പിക്കാൻ കോൺഗ്രസ് ബോധപൂർവ്വമായ ഇടപെടൽ നടത്തിയെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താൻ ബിജെപിക്ക് വോട്ട് ചെയ്തവരാണ് കോൺഗ്രസെന്നും ഗോവിന്ദൻ ആരോപിച്ചു.

'തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നല്ലൊരു ശതമാനം വോട്ട് എസ്ഡിപിഐക്ക് അനുകൂലമാക്കി മാറ്റി. എൽഡിഎഫിന്റെ വോട്ട് പോയിട്ടില്ല. കോൺഗ്രസിന്റെ വോട്ടാണ് പോയത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ ഭീകരവാദം കോൺഗ്രസും ലീഗും ഇടതുമുന്നണിക്ക് എതിരായി ഉപയോഗിക്കുന്ന നിലയുണ്ട്. തിരുവനന്തപുരം ശ്രീവരാഹം വാർഡിൽ കണ്ടത് ഇതാണ്. ബിജെപിക്ക് അനുകൂലമായി കോൺഗ്രസ് വോട്ട് മാറ്റുന്നു. കരുനാഗപ്പള്ളിയിൽ പാർട്ടിയിൽ വലിയ പ്രശ്നമാണ് എന്ന് പറഞ്ഞതിനുള്ള ചുട്ട മറുപടിയാണ് അവിടുത്തെ രണ്ടു വാർഡുകളിലെ വിജയം. 28 വാർഡുകളിലെ തെരഞ്ഞെടുപ്പിന്റെ കണക്ക് പരിശോധിക്കുമ്പോൾ 44 ശതമാനത്തിന്റെ വോട്ട് വിഹിതം എൽഡിഎഫിന് വർദ്ധിച്ചു' - എം.വി ​ഗോവിന്ദൻ പറഞ്ഞു.

'പാർട്ടിക്കകത്ത് നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളേയും ഒറ്റക്കെട്ടായി പരിഹരിച്ചുകൊണ്ട് സമ്മേളനത്തിലേക്ക് നീങ്ങുകയാണ്. പുതിയ മാറ്റങ്ങളെ സംബന്ധിച്ചുള്ള ചർച്ച സമ്മേളനത്തിൽ ഉദ്ദേശിക്കുന്നുണ്ടെന്നും ഭരണത്തുടർച്ചയ്ക്ക് ദിശാബോധം നൽകുന്ന കാഴ്ചപ്പാടുകൾ സമ്മേളനത്തിൽ ഉരിത്തിരിഞ്ഞു വരുമെന്നും' ഗോവിന്ദൻ വ്യക്തമാക്കി.

കടൽ ഖനനത്തിൽ ഇടതുപക്ഷ സർക്കാർ തെറ്റായ നടപടി സ്വീകരിക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ആഴക്കടൽ ഖനനത്തെ ഒരു തരത്തിലും അനുവദിക്കില്ല. കേന്ദ്രം തെറ്റായി എന്തെങ്കിലുമൊക്കെ വിളിച്ചു പറയും. സർക്കാരിന്റെ ശക്തമായ എതിർപ്പ് വ്യവസായ വകുപ്പ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ യുഡിഎഫിന്റെ 18 എംപിമാരും ഇതിനെതിരെ പ്രതികരിച്ചില്ലെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

28-Feb-2025