സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി ഉന്നതനിലവാരം പുലർത്തുന്നതുമായിരിക്കണം ടെലിവിഷൻ പരിപാടികൾ

ബഹുജന മാധ്യമങ്ങളിൽ സിനിമ പോലെ വിപുലമായ ജനസ്വാധീനമുള്ള മാധ്യമമാണ് ടെലിവിഷൻ എന്നതുകൊണ്ട് തന്നെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി ഉന്നതനിലവാരം പുലർത്തുന്നതുമായിരിക്കണം ടെലിവിഷൻ പരിപാടികൾ എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 2022, 2023 വർഷങ്ങളിലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകളുടെയും 2022 ലെ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്റെയും സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് പ്രചോദനമാവുംവിധം അവതരിപ്പിച്ച ആൺപിറന്നോൾ എന്ന പരമ്പരയാണ് മികച്ച സീരീയലിനുള്ള അവാർഡ് നേടിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കാത്ത, വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്ന സീരിയലുകൾ ഉണ്ടാകുന്നുവെന്നുള്ളത് അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. മുൻ വർഷങ്ങളിലെ ജൂറി അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും വിമർശനങ്ങൾ ദൃശ്യമാധ്യമങ്ങൾ ക്രിയാത്മകമായി ഉൾക്കൊണ്ടിരിക്കുന്നെന്നും അതിനനുസരിച്ച് അവർ ചുവടുമാറ്റുന്നു എന്നത് നല്ല സൂചനയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സീരിയലുകളുടെ നിലവാരം ഉയർത്തുന്ന കാര്യത്തിൽ ചാനലുകൾ പ്രത്യേക ശ്രദ്ധയും ഉത്തരവാദിത്വ ബോധവും പുലർത്തേണ്ടിയിരിക്കുന്നു എന്ന് മന്ത്രി പറഞ്ഞു. ചില വിഭാഗങ്ങളിൽ മികച്ച എൻട്രികൾ ഇല്ലാത്തതിനാൽ അവാർഡ് നൽകാൻ കഴിയുന്നില്ല. അർഹമായ എൻട്രികൾ ഇല്ലാത്തതിനാൽ കുട്ടികളുടെ ഷോർട്ട്ഫിലിം കാറ്റഗറിയിൽ 2023 ൽ ജൂറി അവാർഡ് കൊടുത്തിട്ടില്ല. ടെലിവിഷൻ അവാർഡുകൾക്ക് എൻട്രികൾ അയക്കുന്ന കാര്യത്തിൽ മാധ്യമ സ്ഥാപനങ്ങൾ ഗൗരവമുള്ള സമീപനം സ്വീകരിച്ചുകാണുന്നില്ല എന്ന വിമർശനം ജൂറി മുന്നോട്ട് വെക്കുന്നുണ്ട്. വിഭാഗം ഏതെന്ന് ശെരിയായി മനസിലാക്കാതെ എൻട്രികൾ അയച്ചതായി 2023 ലെ കഥേതര വിഭാഗം ജൂറിയുടെ റിപ്പോർട്ടിൽ പറയുന്നു. 2022 ലെ കഥേതര വിഭാഗം ജൂറിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. പലവിഭാഗങ്ങളിൽ എൻട്രികൾ അയക്കാതിരിക്കുക, അണിയറ പ്രവർത്തകരുടെ മുഴുവൻ പേരുകളുമില്ലാതെ എൻട്രികൾ അയക്കുക തുടങ്ങിയ അലസമായ ഒരു സമീപനം എൻട്രികളുടെ കാര്യത്തിൽ കണ്ടുവരുന്നുണ്ട്.

അർഹതയുള്ളവർ അംഗീകരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനായി അവാർഡ് നിയമാവലി അനുശാസിക്കുന്ന കൃത്യതയോടെ എൻട്രികൾ സമർപ്പിക്കുന്ന കാര്യത്തിൽ ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ പരിപാടികൾ, അന്വേഷണാത്മക മാധ്യമ പ്രവർത്തനം എന്നീ വിഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്ന 2023 ലെ കഥേതര വിഭാഗം ജൂറിയുടെ നിർദ്ദേശം ചാനലുകൾ കാര്യമായി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

രചനാ വിഭാഗത്തിൽ പൊതുവേ എൻട്രികൾ കുറവാണ് ലഭിക്കുന്നത്. 2023 ലെ അവാർഡിന്റെ പരിഗണനയ്ക്ക് ഒരു പുസ്തകവും മൂന്ന് ലേഖനങ്ങളും മാത്രമാണ് സമർപ്പിക്കപ്പെട്ടത്. ഈ വിഭാഗത്തിൽ എൻട്രികൾ ശുഷ്കമാകുന്നത് ടെലിവിഷൻ പഠനരംഗത്തെ അപര്യാപ്തത വിളിച്ചോതുന്നു.

ടെലിവിഷൻ അവാർഡുകളുടെ നിയമാവലി കാലോചിതമായി പുതുക്കേണ്ടത് അനിവാര്യമാണെന്ന് 2023 ലെ കഥാവിഭാഗം ജൂറി അഭിപ്രായപ്പെട്ടിട്ടുണ്ട്. ജൂറിയുടെ അഭിപ്രായം പരിഗണിച്ച് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് നിലവിലെ നിയമാവലി പരിഷ്കരിക്കാനാണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കൂടാതെ ഒടിടി പ്ലാറ്റ്ഫോമുകൾ ടെലിവിഷനിൽ ലഭ്യമായിക്കഴിഞ്ഞ സാഹചര്യത്തിൽ വെബ് സീരീസുകൾ, യൂട്യൂബ് ഉൾപ്പെടെയുള്ള വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം ചെയ്യപ്പെടുന്ന ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ തുടങ്ങിവയെകൂടി അവാർഡിനായി പരിഗണിക്കണമെന്ന് നിർദേശം പലമേഖലകളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. തീർച്ചയായും ഈ നിർദ്ദേശവും അടുത്ത വർഷം മുതൽ നടപ്പിലാക്കാനാണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അവാർഡുകൾ നേടിയ എല്ലാവർക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

2022 ലെ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ദൂരദർശൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ചന്ദ്രൻ ഏറ്റുവാങ്ങി.

എ എ റഹീം എം പി, ആന്റണി രാജു എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ കമൽ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

28-Feb-2025