'സി കൃഷ്ണകുമാറിന്റെ മനോനില പരിശോധിക്കണം'; ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നുവെന്ന് സിപിഐഎം

സി കൃഷ്ണകുമാർ ഉന്നയിച്ച ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നുവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. മദ്യനിർമാണ കമ്പനിയില്‍ നിന്നും സിപിഐഎം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞ സി കൃഷ്ണകുമാറിന്റെ മനോനില പരിശോധിക്കണമെന്ന് സുരേഷ് ബാബു പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആര്‍ക്കും എപ്പോഴും പരിശോധിക്കാമെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

കോടികളുടെ വെട്ടിപ്പ് നടത്തുന്ന ബിജെപിയിലൂടെയാണ് സിപിഐഎമ്മിനെ കൃഷ്ണകുമാര്‍ നോക്കി കാണുന്നതെന്നും സുരേഷ് ബാബു ആരോപിച്ചു. കച്ചവട താത്പര്യം മാത്രമാണ് കൃഷ്ണകുമാറിനുള്ളതെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നു. സിഐഎ വന്ന് അന്വേഷിച്ചാലും സിപിഐഎമ്മിന് ഭയമില്ലെന്നും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആര്‍ക്കും എപ്പോഴും പരിശോധിക്കാമെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

സിപിഐഎമ്മിനും കോണ്‍ഗ്രസിനും എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി പണം നൽകിയെന്നാരോപിച്ചാണ് സി കൃഷ്ണകുമാര്‍ രംഗത്തെത്തിയത്. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ് നല്‍കിയതെന്നാണ് സി കൃഷ്ണകുമാറിന്റെ ആരോപണം

01-Mar-2025