മമതാ ബാനർജിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ തിരുകിക്കയറ്റിയെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയ നടക്കുന്നതെന്ന് ബംഗാളിലെ ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.

ബൂത്ത് ലെവൽ ഓഫീസർ മുതൽ ചീഫ് ഇലക്ടറൽ ഓഫീസർ വരെയുള്ള ഉദ്യോഗസ്ഥൻമാരുടെ കൃത്യമായ മേൽനോട്ടത്തിലാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരുടെ കൂടി പങ്കാളത്തത്തിലാണ് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാം. വോട്ടർ പട്ടികയിലുള്ള പരാതികൾ പരിഹരിക്കാൻ 80,633 ബൂത്ത് ലെവൽ ഓഫീസർമാരും, 3,049 അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരും 294 ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരും പ്രവർത്തിക്കുന്നുണ്ടെന്നും സിഇഒ പറഞ്ഞു.

വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികൾക്ക് പങ്കാളിത്തമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. എന്ത് പരാതിയുണ്ടെങ്കിലും അത് പെട്ടെന്ന് പരിഹരിക്കാറുണ്ട്. വോട്ടർമാരെ ചേർക്കുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച പരാതികൾ ഇലക്ടറൽ റോൾ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധിച്ച് തീരുമാനമെടുക്കുന്നത്.

ഇതിന് സുതാര്യമായ സംവിധാനം നിലനിൽക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ 48 ലക്ഷം വോട്ടർമാരെ ചേർത്തത് സംബന്ധിച്ച് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ഒരു പരാതി മാത്രമാണ് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്താനായി മമതാ ബാനർജി പ്രത്യേക കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ഇലക്ടറൽ ഓഫീസറുടെ പ്രതികരണം.

വ്യാജ വോട്ടർമാരെ ചേർത്താണ് ഡൽഹിയിലും മഹാരാഷ്ട്രയിലും ബിജെപി ജയിച്ചതെന്നായിരുന്നു മമതയുടെ ആരോപണം. ഇത് എല്ലാ സംസ്ഥാനത്തും നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലാണ് ഇപ്പോൾ വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതെന്നും മമത ആരോപിച്ചിരുന്നു.

 

01-Mar-2025