കേരളത്തില്‍ സ്ത്രീകള്‍ക്കുനേരേയുള്ള കുറ്റകൃത്യം കുറഞ്ഞു: മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തില്‍ സ്ത്രീകള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്. വനിതാ കമ്മീഷന്റെ അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2023-ല്‍ സ്ത്രീകള്‍ക്കെതിരേ 18,900 കേസുകളാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞവര്‍ഷം അത് 17,000 ആയി കുറഞ്ഞു. സ്ത്രീധനപീഡന, ഗാര്‍ഹികപീഡന കേസുകളും കുറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും കേരള സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം ഇപ്പോഴും നടക്കുന്നുവെന്നത് ഗൗരവമേറിയതാണ്. സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചര്‍ച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു. ഈ കാഴ്ചപ്പാട് തിരുത്തണം -മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വനിതാ കമ്മീഷന്റെ സ്ത്രീശക്തി, ജാഗ്രതാസമിതി പുരസ്കാരം സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി, ജയില്‍ സൂപ്രണ്ട് സോഫിയ ബീവി, ലക്ഷ്മി ഊഞ്ഞാംപാറക്കുടി, ധനുജകുമാരി, എസ്. സുഹദ എന്നിവര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. കമ്മീഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി അധ്യക്ഷയായി. ഡയറക്ടര്‍ ഷാജി സുഗുണന് സംസാരിച്ചു. മികച്ച കോര്‍പ്പറേഷനുള്ള പുരസ്കാരം തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ജില്ലാപഞ്ചായത്തിനുള്ള പുരസ്കാരം തിരവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാറും സ്വീകരിച്ചു.