വി ഡി സതീശന്റെ പരാമർശം രാഷ്ട്രീയ നിരാശയെ തുടർന്നെന്ന് എം ശിവപ്രസാദ്

എസ്എഫ്ഐക്കെതിരായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശം രാഷ്ട്രീയ നിരാശയെ തുടർന്നെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. എസ്എഫ്ഐയെ ഉപദേശിക്കുന്നതിന് പകരം കെഎസ്‌യുവിനെയാണ് ഉപദേശിക്കേണ്ടതെന്നും എം ശിവപ്രസാദ് കൂട്ടിച്ചേർത്തു. അതേസമയം ക്യാമ്പസുകളിൽ എസ്എഫ്ഐ ലഹരിയുടെ ഏജന്റുമാരാകുന്നുവെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം.

ലഹരിക്കെതിരെ വേണ്ടത് ആരോപണ പ്രത്യാരോപണങ്ങളല്ലെന്നും കൂട്ടായ പ്രവർത്തനമാണെന്നും എം ശിവപ്രസാദ് പറഞ്ഞു. ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. എന്നാൽ അതിനുള്ള സമയമല്ല ഇതെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു. അതേസമയം ലഹരിക്കെതിരെ ക്യാമ്പസുകളിൽ എസ്എഫ്ഐ വിജിലൻസ് സ്ക്വാഡ് രൂപീകരിക്കുമെന്നും എം ശിവപ്രസാദ് വ്യക്തമാക്കി.


ക്യാമ്പസുകളിൽ എസ്എഫ്ഐ ലഹരിയുടെ ഏജന്റുമാരാകുന്നുവെന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്. രക്ഷിതാക്കൾ ഭയന്നാണ് കുട്ടികളെ കോളേജിലേയ്ക്കും സ്കൂളിലേയ്ക്കും അയയ്ക്കുന്നതെന്നും ലഹരി വ്യാപനം സംസ്ഥാനത്ത് എത്രത്തോളം വ്യാപകമായിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

02-Mar-2025