മുല്ലപ്പള്ളിയും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെ: കെ സുധാകരൻ

മുല്ലപ്പള്ളി പാർട്ടിയ്ക്ക് അടിത്തറ പണിത നേതാവാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. മുല്ലപ്പള്ളിയുമായി വ്യക്തിപരമായി അകൽച്ചയില്ല. ഞങ്ങൾ ഒരമ്മ പെറ്റ മക്കളെ പോലെയാണ്. കാലത്തിന്റെ ഗതി അനുസരിച്ചു സജീവ രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം മാറി. അദ്ദേഹത്തെ വേണ്ട രീതിയിൽ പരിഗണിക്കുന്ന കാര്യത്തിൽ വീഴ്ച്ച ഉണ്ടായെന്നും കെ. സുധാകരൻ പറഞ്ഞു.

മുല്ലപ്പള്ളിയുടെ അനുഭവ സമ്പത്ത് ഉപയോഗിക്കാൻ പറ്റാത്തതിൽ ഖേദിക്കുന്നു. ഇടത് സർക്കാരിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്. ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കും. മുല്ലപ്പള്ളി പൂർണമായി സഹകരിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. പാർട്ടിയിലെ എല്ലാ നേതാക്കളെയും ഇതുപോലെ നേരിൽ കണ്ട് സംസാരിക്കുമെന്നും, കൂടെ നിർത്തുമെന്നും സുധാകരൻ വ്യക്തമാക്കി.

ശശി തരൂർ തിരുത്താനും മാറ്റിപ്പറയാനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നതായും സുധാകരൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ വലിയ മനസിന് നന്ദി. വലിയ അബദ്ധം ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞതിൽ എല്ലാം വ്യക്തത വരുത്തിയിട്ടുമുണ്ട്. കണ്ണിലെ കൃഷ്ണമണി പോലെ ശശി തരൂരിനെ ഞങ്ങൾ കൊണ്ടുപോകുമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം, കെ സുധാകരനുമായുള്ളത് ദീർഘകാലമായുള്ള ബന്ധമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പാർട്ടിയുമായി തനിക്ക് ചെറിയ കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് വന്നു. അത് പരിഹരിക്കാൻ സുധാകരൻ തന്നെ മുൻകൈയെടുത്തു. ആ ശ്രമത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാർട്ടിയിലെ അസ്വാരസ്യം ശാശ്വതമായി പരിഹരിക്കാനാണ് ഡൽഹിയിൽ നിന്നുള്ള നിർദ്ദേശം. തന്റെ ജനനം കോൺഗ്രസിൽ ആണ് മരണവും കോൺഗ്രസിൽ തന്നെയാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

02-Mar-2025