രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പി.എസ്.സി : മുഖ്യമന്ത്രി
അഡ്മിൻ
രാജ്യത്തെ ഏറ്റവും മികച്ച് പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എട്ടര വർഷത്തിനുള്ളിൽ രണ്ടേമുക്കാൽ ലക്ഷത്തോളം നിയമനങ്ങൾ പി.എസ്.സി നടത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷൻ മ്യൂസിയത്തിന്റെ ഉദ്ഘാടനവും പി.എസ്.സിയുടെ ആസ്ഥാനവും മൂന്ന് മേഖലാ ഓഫീസുകളും 14 ജില്ലാ ഓഫീസുകളും ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളപ്പിറവിക്ക് മുൻപുള്ള മദിരാശി പ്രവിശ്യയിലേയും കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥ നിയമനരീതികളും കേരളപ്പിറവിക്ക് ശേഷമുള്ള കേരള പി.എസ്.സിയുടെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്ന അപൂർവ രേഖകളാണ് പി.എസ്.സി മ്യൂസിയത്തിന്റെ പ്രത്യേകത. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ കേരളാ പി.എസ്.സിക്ക് സമ്മാനിച്ച ഇന്ത്യൻ ഭരണഘടനയുടെ ആധികാരിക പതിപ്പും തിരു-കൊച്ചി സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന സി കേശവൻ ആദ്യ പബ്ലിക് സർവീസ് കമ്മീഷണറായ ഡോ. ജെ ഡി നോക്‌സിന് നൽകിയ കത്തും അടക്കം അപൂർവങ്ങളായ രേഖകൾ മ്യൂസിയത്തിലുണ്ട്. തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്ത് പട്ടം തുളസിഹിൽ ബംഗ്ലാവിലാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്. വിശാലമായ റഫറൻസ് ലൈബ്രറിയും റീഡിംഗ് റൂമും ഈ മന്ദിരത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഡൽഹിയിലെ യൂണിയൻ പബ്ലിക് സർവീസ് കമീഷൻ ആസ്ഥാനത്ത് മാത്രമാണ് നിലവിൽ പി.എസ്.സി. മ്യൂസിയമുള്ളത്. സംസ്ഥാന പി.എസ്.സികളിലെ ആദ്യ മ്യൂസിയമാണ് ഇപ്പോൾ കേരളത്തിൽ നിലവിൽ വന്നത്.
സർക്കാർ സർവീസുകളിലേക്കുള്ള നിയമനങ്ങൾ വെട്ടിച്ചുരുക്കുകയും നിയമന നിരോധനം നടപ്പിലാക്കുകയും ചെയ്യണമെന്നുള്ള മുറവിളികൾ പല കോണുകളിൽ നിന്നും ഉയരുന്ന കാലഘട്ടത്തിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ വേറിട്ട പ്രവർത്തനങ്ങളിലൂടെ മാതൃകയായി മാറിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ പബ്ലിക് സർവീസ് കമ്മീഷന്റെ പ്രവർത്തനങ്ങൾ പഠിക്കാനും പ്രയോഗത്തിൽ കൊണ്ടുവരാനും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പി.എസ്.സി പഠനസംഘങ്ങൾ ഇവിടെ എത്തുന്നത് തന്നെ ഈ മാതൃകാപരമായ പ്രവർത്തനത്തിന്റെ ദൃഷ്ടാന്തമാണ്. ഇത്തരത്തിലുള്ള നേട്ടങ്ങൾ പബ്ലിക് സർവീസ് കമ്മീഷൻ കൈവരിച്ചത് കാലോചിതമായ ആധുനികവൽക്കരണത്തിലൂടെയും കാര്യക്ഷമവും ചിട്ടയുള്ളതുമായ പ്രവർത്തനങ്ങളിലൂടെയുമാണ്. ആ പ്രവർത്തനങ്ങളുടെ ചരിത്രം പൊതുസമൂഹത്തിന്റെ മുന്നിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ മ്യൂസിയം ഒരുക്കിയിട്ടുള്ളത്.
നിലവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ കീഴിൽ മാത്രമാണ് ഇത്തരമൊരു മ്യൂസിയം പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ കേരള പി.എസ്.സിയുടെ പുതിയ മ്യൂസിയത്തിലൂടെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി മാറുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നൂറ് വർഷ കാലയളവിലെ അമൂല്യമായ ചരിത്ര രേഖകളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കും ഗവേഷകർക്കും പഠിതാക്കൾക്കും പി.എസ്.സിയുടെ ചരിത്രത്തെയും പ്രവർത്തനരീതിയെയും കുറിച്ച് അറിവ് പകർന്നു നൽകുന്നതാണ് ഈ രേഖകൾ.
സംസ്ഥാനത്ത് നല്ല രീതിയിലുള്ള ഇടപെടലാണ് മാലിന്യനിർമ്മാർജനവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ‘മാലിന്യമുക്തം നവകേരളം’ എന്ന മുദ്രാവാക്യം സൂചിപ്പിക്കുന്നതുപോലെ മാലിന്യ സംസ്കരണത്തിന് വലിയ പ്രാധാന്യമാണ് നാം നൽകുന്നത്. മാലിന്യ സംസ്കരണ രീതികൾ പലയിടത്തും നല്ല നിലക്ക് നടത്തുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നടക്കുമ്പോൾ നമ്മുടെ സർക്കാർ സ്ഥാപനങ്ങളും അതിനോട് ചേർന്ന് പ്രവർത്തിക്കുകയാണ്. അതിന്റെ ഭാഗമായാണ് പി.എസ്.സിയുടെ 14 ജില്ലാ ഓഫീസുകളും 3 മേഖലാ ഓഫീസുകളും പി.എസ്.സി ആസ്ഥാനവും ഹരിത ക്യാമ്പസുകളാക്കി മാറ്റുന്നത്. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എല്ലാ ജീവനക്കാരുടെയും സഹകരണം ഉണ്ട് എന്നത് നല്ല കാര്യമാണ്. തുടർന്നും ആ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
വി.കെ. പ്രശാന്ത് എം എൽ എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കേരള പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു, സെക്രട്ടറി സാജു ജോർജ്, യു.പി.എസ്.സി. മ്യൂസിയം കൺസൾട്ടന്റ് വി.കെ. മാതുർ, നവകേരള മിഷൻ കോർഡിനേറ്റർ ടി.എൻ. സീമ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
03-Mar-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ