പ്രതിപക്ഷത്തിൻ്റെ ശക്തി കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
സംസ്ഥാനത്ത് സിപിഎമ്മിന് അംഗബലം കൂടിയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ . കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പാർട്ടിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷത്തിൻ്റെ ശക്തി കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണ്. ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാക്കാനുള്ള ചർച്ചകൾ നടക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കയ്യൂരിൽ നിന്നുള്ള പതാക ജാഥയും ദീപശിഖാ പ്രയാണവും തുടരുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ . ഈ മാസം 5ന് വൈകിട്ട് കൊല്ലത്തെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും. 6 ന് പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി കർശനമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
അംഗസംഖ്യ വർധിപ്പിക്കുന്നില്ല. കേരളത്തിൽ പാർട്ടിക്ക് നല്ല മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 37517 അംഗങ്ങളുടെ വർധന ഉണ്ടായി. 38426 പാർട്ടി ബ്രാഞ്ചുകൾ കേരളത്തിലുണ്ട്. 3247 ബ്രാഞ്ചുകൾ വർധിച്ചു . 2744 ലോക്കൽ കമ്മിറ്റി, 14 ജില്ലകളിലായി 210 ഏരിയ കമ്മിറ്റികളുമുണ്ടായി. വനിത അംഗങ്ങൾ കൂടി. 2597 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരും 40 വനിതാ ലോക്കൽ സെക്രട്ടറിമാരുമുണ്ട്. അത് ഇനിയും ഉയരണം.
44 നിരീക്ഷകരും അതിഥികളും 486 പ്രതിനിധികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ സമ്മേളന പ്രതിനിധികൾ. അതിൽ 75 പ്രതിനിധികൾ സ്ത്രീകളാണ്. ഫാസിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാനുള്ള ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.