വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വ്യവസ്ഥകളോടെയാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി തുരങ്ക പാത നിര്‍മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിര്‍മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാകും.
25 ഇന വ്യവസ്ഥകളാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി ഉയർത്തിയത്. അതേസമയം ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും പരിസ്ഥിതി നാശം ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി തവണ വിശദീകരണം തേടിയ ശേഷമാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്. അനുമതി ലഭിച്ചതോടെ ഇനി പദ്ധതിക്കുള്ള തുടർനടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാനാകും.