റാഗിങ് തടയാൻ കർശന നടപടികൾ വേണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ റാഗിങ് സംഭവങ്ങളിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. റാഗിങ് തടയാൻ കർശന നടപടികൾ വേണമെന്ന് വ്യക്തമാക്കിയ കോടതി ഇതു സംബന്ധിച്ചുള്ള നിയമങ്ങളിൽ പരിഷ്കരണം വേണമെന്നും പറഞ്ഞു. 1998ലെ റാഗിങ് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടം രൂപീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് നിർദേശിച്ചു. 1998ലെ റാഗിങ് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ രൂപീകരിക്കണമെന്നാണ് കോടതി മുന്നോട്ടു വെച്ചിരിക്കുന്ന പ്രധാന നിർദേശം.

ചട്ടങ്ങൾ നിലവിൽ വന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഇത്തരത്തിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടുന്ന വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കണം. നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യത്തിലും വർക്കിങ് ഗ്രൂപ്പിൽ നിന്ന് നിർദേശങ്ങൾ തേടാമെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, യുജിസി റെഗുലേഷനിൽ നിർദേശിക്കുന്ന സംസ്ഥാന, ജില്ലാതല മേൽനോട്ട സമിതികൾ രൂപീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം, ഈ രണ്ടു സമിതികളുടെയും റോൾ എന്താണെന്ന് അറിയിക്കണം. രൂപീകരിച്ചിട്ടുണ്ടെങ്കിൽ ഈ സമിതികളുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ എന്താണെന്നു വിശദമാക്കണം.

രൂപീകരിച്ചിട്ടില്ലെങ്കിൽ എത്ര സമയം ആവശ്യമുണ്ട് എന്ന കാര്യവും സംസ്ഥാന സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. റാഗിങ് തടയുന്നതിനു യുജിസി ചട്ടപ്രകാരം സർവകലാശാല തലത്തിൽ സമിതികൾ രൂപീകരിച്ചിട്ടുണ്ടോയെന്ന വിവരം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സർവകലാശാലകളിൽ നിന്നു തേടണം. സർവകലാശാലകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് വിവരം ശേഖരിക്കണം. ഈ വിശദാംശങ്ങൾ കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ അറിയിക്കാനും കോടതി നിർദേശിച്ചു. കേസിൽ യുജിസിയെ കക്ഷി ചേർക്കുകയും ചെയ്തിട്ടുണ്ട്.

05-Mar-2025