പഞ്ചാബ് തലസ്ഥാനമായ ചണ്ഡീഗഡില്‍ കര്‍ഷക സംഘടനകള്‍ ബുധനാഴ്ച ആരംഭിക്കാനിരുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വമ്പിച്ച പ്രതിഷേധ പരിപാടി പോലീസ് പരാജയപ്പെടുത്തി. ഗ്രാമങ്ങളില്‍ നിന്ന് മാര്‍ച്ച് ചെയ്യാന്‍ എത്തിയ കര്‍ഷകരെ വിവിധയിടങ്ങളില്‍ പൊലീസ് തടഞ്ഞു. സംസ്ഥാനത്തുടനീളം ഒന്നിലധികം ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കുകയും എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
ട്രാക്ടര്‍-ട്രോളികളിലും മറ്റ് വാഹനങ്ങളിലും ചണ്ഡീഗഡിലേക്ക് പുറപ്പെട്ട കര്‍ഷകരെ തടഞ്ഞു.മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കര്‍ഷകര്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് നടപടി. പ്രതിഷേധവും പ്രക്ഷോഭവും പൊതുജന പീഡനത്തിനും അസൗകര്യത്തിനും കാരണമാകരുതെന്ന് തിങ്കളാഴ്ച നടന്ന ഒരു യോഗത്തില്‍ അദ്ദേഹം കര്‍ഷക നേതാക്കളോട് പറഞ്ഞിരുന്നു.
യോഗത്തിന്റെ മധ്യത്തില്‍ മുഖ്യമന്ത്രി ഇറങ്ങിപ്പോയതിന് പിന്നാലെ കര്‍ഷകര്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. വ്യാപകമായ അറസ്റ്റ് ഉണ്ടായതോടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ 30 സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധം പിന്‍വലിച്ചു. മുന്നോട്ടുള്ള വഴി തീരുമാനിക്കാന്‍ മാര്‍ച്ച് 7 ന് യോഗം ചേരാന്‍ തീരുമാനിച്ചു.