ശിക്ഷിക്കാൻ ആത്മഹത്യക്കുറിപ്പ് മാത്രം പോരാ, തെളിവുകൾ വേണം: സുപ്രീം കോടതി

ആത്മഹത്യയിൽ നേരിട്ടുള്ള ഇടപെടൽ തെളിയാതെ ആത്മഹത്യക്കുറിപ്പിന്റെ പേരിൽ ഒരാളെ ശിക്ഷിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. സഹപ്രവർത്തകയെ അവരുടെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ടയാളെ വെറുതെ വിട്ടുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം പ്രേരണ, ഗൂഢാലോചന, ആത്മഹത്യ ചെയ്യിക്കാൻ മനഃപൂർവം ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ ഉണ്ടെങ്കിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുകയൊള്ളൂ എന്ന് സുപ്രീം കോടതി പറഞ്ഞു. ആത്മഹത്യക്കുറിപ്പിന്റെ ആധികാരികത കയ്യക്ഷര വിദഗ്ധൻ പരിശോധിച്ചുറപ്പിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആത്മഹത്യ ചെയ്ത സ്ത്രീയുടെ കുറിപ്പിൽ ഹർജിക്കാരനാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കിയിരുന്നെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കുറ്റക്കാരനെന്ന് വിധിച്ച വിചാരണക്കോടതി നടപടി ഹൈക്കോടതി ശരി വെക്കുകയും ചെയ്തിരുന്നു. അതിനെതിരായ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. പ്രതിക്ക് നേരിട്ടു ബന്ധമുണ്ടെന്നതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

07-Mar-2025