കൊല്ലം സംസ്ഥാന സമ്മേളനം പൂർത്തിയാകുമ്പോൾ പാർട്ടിയിൽ എതിരില്ലാത്ത നേതാവായി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം എൽഡിഎഫ് സർക്കാർ എന്ന ഒറ്റ ലക്ഷ്യത്തിൽ ഊന്നിയായിരുന്നു ഇക്കുറി പാർട്ടി സമ്മേളനത്തിൻ്റെ എല്ലാ അജണ്ടയും. തെരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും നയിക്കുക പിണറായി തന്നെയാകുമെന്ന സൂചനയോടെയാണ് കൊല്ലം സമ്മേളനത്തിന് കൊടിയിറങ്ങുന്നത്.
പാർട്ടി സംഘടനാ സംവിധാനം സർക്കാരുമായി സമീപ ചരിത്രത്തിൽ മുമ്പില്ലാത്ത വിധം ചേർന്നുനിൽക്കുന്നു. സർക്കാരിനെ നയിക്കുന്ന ശക്തിയായല്ല, മറിച്ച് സർക്കാരിന് പിന്നിൽ അണിനിരക്കുന്ന സംവിധാനമായി പാർട്ടി മാറിയെന്നത് ആദ്യ എൽഡിഎഫ് സർക്കാരിൻ്റെയും തുടർഭരണത്തിൻ്റെയും സവിശേഷതയായി.
പ്രായപരിധിയിലുൾപ്പെടെ പിണറായിക്ക് ഇളവുണ്ടാകുമെന്ന പ്രഖ്യാപനം സമ്മേളനം തുടങ്ങുന്നതിന് മുൻപേ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നടത്തിയിരുന്നു. പിണറായി വിജയൻ്റെ നേതൃശേഷിക്കും പ്രഭാവത്തിനും പകരം വയ്ക്കാൻ സിപിഐഎമ്മിൽ നിലവിൽ മറ്റൊരു പേരുമില്ല.