ലളിത് മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ ഉത്തരവിട്ട് വനവാട്ടു പ്രധാനമന്ത്രി
അഡ്മിൻ
വിവാദപരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ഇന്ത്യ തിരയുന്ന മുൻ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സ്ഥാപകന്‍ ലളിത് മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ ഉത്തരവിട്ട് വനവാട്ടു പ്രധാനമന്ത്രി. ലളിത് മോദി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അപേക്ഷിച്ചതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ തിരിച്ചടി. വനവാട്ടു പ്രധാനമന്ത്രി ജോതം നപത് ആണ് ലളിത് മോദിയുടെ വനവാട്ടു പാസ്പോര്‍ട്ട് റദ്ദാക്കാന്‍ തിങ്കളാഴ്ച പൗരത്വ കമ്മീഷനോട് ഉത്തരവിട്ടത്.
നാടുകടത്തല്‍ ഒഴിവാക്കാന്‍ ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രമായ വനവാട്ടുവിന്റെ പൗരത്വം ദുരുപയോഗം ചെയ്തതായി അദ്ദേഹം ആരോപിച്ചു. ലീഗിന്റെ തലപ്പത്തിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മുന്‍ ഐപിഎല്‍ മേധാവിയെ ഇന്ത്യ അന്വേഷിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് വനവാട്ടുവിന്റെ നടപടി.
ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ, രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യകേസിൽ അന്വേഷണം നേരിട്ടതോടെ രാജ്യംവിട്ട ഐപിഎൽ മേധാവിയായിരുന്ന ലളിത് മോദി ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വെച്ച് തെക്കൻ ശാന്തസമുദ്രത്തിലെ കൊച്ചു ദ്വീപായ വനവാട്ടുവിലെ പൗരത്വം എടുത്തിരുന്നു.
ഗുജറാത്തിയായ ലളിത് മോദി പൗരത്വം സ്വീകരിച്ചിരിക്കുന്ന വനവാട്ടുവിന്റെ ആകെ വിസ്തീർണ്ണം 12,274 ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യയാകട്ടെ മൂന്നരലക്ഷത്തിന് താഴെയും. സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളിപ്പിക്കൽ ഉൾപ്പെടെയുള്ള നിരവധികേസുകളാണ് ലളിത് മോദിക്കെതിരേയുള്ളത്. ലളിത് മോദിയെ വിട്ടുകിട്ടാൻ മോദി സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.