ജാതിയുടെ പേരിലു‍ള്ള മാറ്റിനിർത്തൽ എവിടെ നടന്നാലും തെറ്റ്: കെ രാധാകൃഷ്ണൻ എംപി

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി. കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്തു മാസത്തേക്ക് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. ജാതി വിവേചനം നടന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ആളുകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ മാറ്റിനിർത്തുക എന്നത് എവിടെ നടന്നാലും തെറ്റ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മനുവാത സിദ്ധാന്തം വീണ്ടും പുനഃസ്ഥാപിക്കുന്ന ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെ തള്ളിപ്പറയണമെന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

അതേസമയം, കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.

എ പത്മകുമാറിന്‍റെ വിഷയത്തിലും എംപി പ്രതികരിച്ചു. അഭിപ്രായങ്ങൾ പരസ്യമായി പറയുകയല്ല വേണ്ടത്. ഓരോരുത്തർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാവും, പക്ഷേ അത് പറയേണ്ട വേദികളിൽ പറയണമെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. പല പ്രതികരണങ്ങൾ ഇനിയുമുണ്ടാകും. പാർട്ടി ഫോറത്തിൽ എല്ലാം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് അവിടെ പറയണം. അഭിപ്രായങ്ങൾ അതാത് ഘടകങ്ങളിൽ പറയണമെന്നും അദ്ദേഹം പറഞ്ഞു.

10-Mar-2025