മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
വിഎസ് അച്ചുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ദേശാഭിമാനി അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരും. മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കളുടെ പൂർണ്ണ പട്ടിക പാർട്ടി കോൺഗ്രസിന് ശേഷമാണ് കൃത്യമാകുക. സ്ഥിരം ക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം നേരത്തെ തന്നെ പാർട്ടി സെക്രട്ടറി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
സ്ഥിരം ക്ഷണിതാവ് എന്ന നിലയിലാണ് വീണ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. അതിനെയും മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. വിഎസ് അച്യുതാനന്ദനെ അവഗണിച്ചു എന്ന വാർത്ത തനി തോന്ന്യാസമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.
ഏറ്റവും സമുന്നത നേതാവായ വിഎസ് ഇപ്പോൾ കിടപ്പിലാണ്. കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ മാത്രമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ വി എസ് ആണ്. പാർട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നു.