കുട്ടിക്കുറ്റവാളികളെന്ന് ചാപ്പ കുത്തുന്നത് മനഃശാസ്ത്രപരമായി ശരിയായ സമീപനമല്ല: മന്ത്രി എം.ബി. രാജേഷ്
അഡ്മിൻ
കുട്ടിക്കുറ്റവാളികളെന്ന് ചാപ്പ കുത്തുന്നത് മനഃശാസ്ത്രപരമായി ശരിയായ സമീപനമല്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കുട്ടിക്കുറ്റവാളികളുടെ എണ്ണം ക്രമാതീതമായി കൂടുന്നുവെന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പരാമർശത്തിനാണ് മന്ത്രി മറുപടി പറഞ്ഞത്. കുട്ടികൾക്കിടയിലുണ്ടാകുന്ന പ്രവർത്തനങ്ങൾ കേവലം ലഹരിയുടെ മാത്രമല്ല. ഹിംസ തന്നെ ലഹരിയാകാറുണ്ട്. സിനിമ, വെബ് സീരീസുകൾ, സാമൂഹ്യ മാധ്യമങ്ങൾ എല്ലാം കാരണമാകുന്നു. കുട്ടികളിലെ അക്രമവാസനയെ മനഃശാസ്ത്രപരമായി കൂടി സമീപിക്കണം. അതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രിസഭയിൽ അറിയിച്ചു.
ലഹരി ഉപയോഗം തടയാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കണ്ടെത്തുക, അറിയിക്കുക, പരിഹാരം കാണുക എന്ന നിലയിൽ എസ്ഒപിയും രൂപീകരിച്ചു. കുട്ടികളുടെ നിരീക്ഷണത്തിന് വിദ്യാർഥികളുടെ ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എക്സൈസ് വകുപ്പുമായി ചേർന്നാണ് സ്കൂളുകളിൽ പ്രഹാരി, ചിൽഡ്രൻസ്, ആൻ്റി നാർക്കോട്ടിക്ക് ക്ലബ് എന്നിവ രൂപീകരിച്ചത്. ഇപ്പോൾ നടപ്പാക്കുന്ന പദ്ധതികളിൽ പോരായ്മയുണ്ടെന്ന് കാണുന്നില്ലെന്നും, നല്ല നിർദേശങ്ങൾ ഉണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ക്യാമ്പസുകളിലെ അരാഷ്ട്രീയത ലഹരി ഉൾപ്പെടെ ഉയരാൻ കാരണമായിട്ടുണ്ട്. സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അക്രമം ആഘോഷമായോ, ലഹരിയായോ മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പുതുതലമുറ മുഴുവൻ കൊള്ളരുതാത്തവരാണെന്ന പ്രചാരണം സമാന്തരമായി നടക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങളെ നേരിടണമെന്ന് എംഎൽഎ പി. സി വിഷ്ണുനാഥ് പറഞ്ഞു. കോവിഡ്, പ്രളയ കാലങ്ങളിൽ ചെറുപ്പക്കാർ പ്രതിബദ്ധതയോടെ പ്രവർത്തിച്ചത് നമുക്കു മുന്നിലുണ്ടെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
കേരളം മദ്യത്തിൻ്റേയും ലഹരിയുടെയും പിടിയിലാണെന്നും, ഇവിടെ ആകെ കുഴപ്പമാണെന്നും പ്രചരണം നടക്കുന്നുണ്ടെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അങ്ങനെയുള്ള പ്രചരണം നടത്തുന്നത് സാമൂഹ്യദ്രോഹിക്ക് സമാനമായ മനസുള്ളവരാണ്. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. കേരളമാകെ കുഴപ്പമാണെന്ന പ്രചാരണം യോജിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.