എവിടെ തിരിഞ്ഞു നോക്കിയാലും കിഫ് ബി യുടെ സാക്ഷ്യപത്രങ്ങൾ കാണാം: മുഖ്യമന്ത്രി
അഡ്മിൻ
കിഫ്ബി മുഖേന 90000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാനായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എവിടെ തിരിഞ്ഞു നോക്കിയാലും കിഫ് ബി യുടെ സാക്ഷ്യപത്രങ്ങൾ കാണാം. അതിവേഗതയിൽ വികസനം യാഥാർത്ഥ്യമാക്കാനായി. നിർഭാഗ്യവശാൽ കിഫ് ബിയെ എതിർക്കാനും ആളുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപ സൗഹൃദത്തിൽ രാജ്യത്ത് ഒന്നാമതാകാൻ നമുക്ക് കഴിഞ്ഞു. സമസ്ത മേഖലയിലും മുന്നേറ്റമുണ്ടാക്കാൻ എൽ ഡി എഫ് ഭരണത്തിൽ കേരളത്തിന് കഴിഞ്ഞു. ഒരു ബ്രാൻ്റിംഗും ഇല്ലാതെ ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നൽകാൻ കഴിഞ്ഞു. സ്വന്തമെന്ന അഭിമാനത്തോടെ അവർക്ക് അവിടെ താമസിക്കാം.
2016 ൽ യുഡിഫ് ജയിച്ചിരുന്നുവെങ്കിൽ ഇപ്പോഴുള്ള ഒരു വികസനവും സംസ്‌ഥാനത്ത് ഉണ്ടാകുമായിരുന്നില്ല. എൽ ഡി എഫ് വന്നതോടെ എല്ലാ മേഖലയിലും വികസനം ഉണ്ടായി. ലൈഫ് പദ്ധതിയിൽ നാലര ലക്ഷം വീടുകൾ പണിതു. ഒരു ബ്രാൻഡിംങും ഇല്ല. അവരുടെ സ്വന്തം ആണ്. ഉടമസ്‌ഥരുടെ അഭിമാനത്തെ ഹനിക്കുന്ന ഒന്നും ഇല്ല.
ക്ഷേമ പദ്ധതിക്ക് എടുത്ത പണം വായ്പ പരിധിയിൽ കുറയ്ക്കും എന്ന് പറഞ്ഞ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാൻ നോക്കി. ശത്രുതാപരമായ സമീപനം കേന്ദ്രം സ്വീകരിക്കുന്നു. പ്രളയത്തിൽ തകർന്ന നമ്മെ കേന്ദ്രം സഹായിച്ചോ ? രാജ്യത്തിനു എന്തെങ്കിലും ദോഷം സംസ്‌ഥാനം വരുത്തിയോ ? എന്നിട്ടും നമ്മളെ സഹായിക്കാൻ കേന്ദ്രം തയ്യാറായില്ല.
യു ഡി എഫ് നേതൃത്വം കേരളത്തെ കുറ്റപ്പെടുത്താൻ ശ്രമിച്ചു. അതിഹീനമായ രീതിയിൽ യു ഡി എഫ് നേതാക്കൾ കേന്ദ്രത്തിനും ബി ജെ പി ക്കും ഒപ്പം നിന്നു. എന്നാൽ നമ്മൾ തകർന്നില്ല. ഐക്യവും ഒരുമയും കൊണ്ട് അസാധ്യമായത് ഒന്നുമില്ല എന്ന് കേരളം തെളിയിച്ചു. മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിലും ഒരു സഹായവും നൽകിയില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കോടികൾ നൽകി. കേരളത്തിന് ചില്ലിക്കാശില്ല.
ഇടുക്കിയുടെ കാര്യത്തിൽ എക്കാലവും എൽ ഡി എഫിന് ആഭിമുഖ്യവും പക്ഷപാദിത്വവുമുണ്ട്. ഭൂപതിവ് നിയമത്തിൽ ദേഗതി വരുത്തിയത് കുടിയേറ്റ കർഷകരെ മലയോര ജനതയെ സംരക്ഷിക്കാനാണ്. ജീവിതവൃത്തിക്കായി ഭൂമി തരം മാറ്റിയവർക്ക് സംരക്ഷണം നൽകും. ഇതിനായുള്ള ചട്ടങ്ങൾ ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.