കർണാടകയ്ക്ക് സഹായം കേരളത്തെ തിരിഞ്ഞുനോക്കിയില്ല

കേന്ദ്രസര്‍ക്കാര്‍ വീണ്ടും കേരളത്തെ അവഗണിക്കുന്നു. .ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം നേരിട്ട പ്രളയത്തെ അഭിമുഖീകരിച്ച കേരളത്തെ പരിഗണിക്കാതെ കര്‍ണാടകത്തിന് പ്രളയദുരിതാശ്വാസമായി 546.21 കോടി രൂപ  അധികസഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. കേരളത്തെ ഒരു വിധത്തിലും പച്ചതൊടാന്‍ സമ്മതിക്കില്ല എന്ന നിലപാടാണ് കേന്ദ്രം വെച്ചുപുലര്‍ത്തുന്നത്.

തിങ്കളാഴ്ചയാണ് കര്‍ണാടകത്തിന് കേന്ദ്രസര്‍ക്കാര്‍ 546.21 കോടി രൂപയുടെ അധികസഹായം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗമാണ് തീരുമാനമെടുത്തത്. 2018-19 കാലയളവിലുണ്ടായ പ്രളയം, മണ്ണിടിച്ചില്‍ എന്നിവ പരിഗണിച്ച് ദേശീയ ദുരന്ത പ്രതികരണ ഫണ്ടില്‍ (എന്‍ഡിആര്‍എഫ്)നിന്നാണ് തുക അനുവദിച്ചത്. 20000 കോടി രൂപയിലേറെ നഷ്ടം കണക്കാക്കിയ പ്രളയത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചത് 600 കോടി രൂപയുടെ സഹായംമാത്രം. ചട്ടപ്രകാരം 4900 കോടി രൂപ നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശരാജ്യങ്ങളില്‍നിന്നുള്ള ധനസഹായവും കേന്ദ്രം തടഞ്ഞു. യുഎഇ നല്‍കാന്‍ തീരുമാനിച്ച 700 കോടി രൂപ ഉള്‍പ്പെടെയാണ് തടഞ്ഞത്. രാജ്യത്തിന് പ്രളയദുരന്തത്തെ ഒറ്റയ്ക്ക് നേരിടാന്‍ കരുത്തുണ്ടെന്നും വിദേശ സഹായം തേടേണ്ടതില്ലെന്നുമായിരുന്നു കേന്ദ്ര നിലപാട്.

പ്രഖ്യാപിച്ച 600 കോടി ഇടക്കാല സഹായമാണെന്നും കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ കൂടുതല്‍ സഹായം അനുവദിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സഹായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും  അധിക ധനസഹായത്തെക്കുറിച്ച്  കേന്ദ്രം മൗനം തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് കുടക് ജില്ലയില്‍ വെള്ളപ്പൊക്കത്തിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ 2000 കോടി രൂപയാണ് കര്‍ണാടകം ആവശ്യപ്പെട്ടത്. 3000 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കിയത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാണ് കര്‍ണാടകത്തിനുള്ള അധിക ധനസഹായത്തില്‍ തീരുമാനമെടുത്തത്. സമിതിയുടെ അജണ്ടയില്‍ പോലും കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.  


20-Nov-2018