കേരളത്തിലെ ഒരു സ്കൂൾ കോമ്പൗണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ല: മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
കേരളത്തിലെ സ്കൂൾ കോമ്പൗണ്ടുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 400 മുതൽ 500 രൂപ വരെ അനധികൃതമായി പിരിച്ചെടുത്ത സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ സമയത്ത് വിദ്യാർത്ഥികളല്ലാത്ത പുറത്തുനിന്നുള്ളവർ ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവ് നിലവിലുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സ്കൂൾ ക്യാമ്പസിനുള്ളിൽ അനധികൃതമായി തട്ടുകട പ്രവർത്തിപ്പിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അത് ഉടൻ നീക്കം ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
പാരന്റ് ടീച്ചേഴ്സ് അസോസിയേഷനും പൂർവ വിദ്യാർത്ഥി സംഘടനകളുടെയും പ്രവർത്തനങ്ങൾക്ക് പുതിയ ബൈലോ തയ്യാറാക്കുന്നതായും മന്ത്രി പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പിടിഎയുടെ പ്രവർത്തനരീതിയിലും അധികാരങ്ങളിലും മാറ്റം കൊണ്ടുവരും. നിയമപരമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന പിടിഎ കമ്മിറ്റികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അത്തരം കമ്മിറ്റികളെ ഒഴിവാക്കുന്നതിനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.